കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനി കുമാറിനെ (27) കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്കിനാണ് ( 38) തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

2005 മാര്‍ച്ച് 10നാണ് ഇരിട്ടി സ്വദേശിയായ അശ്വിനി കുമാറിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഇരിട്ടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെയായിരുന്നു അക്രമം. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാര്‍. മികച്ച പ്രഭാഷകനുമായിരുന്നു.

അതേസമയം അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഫിലിപ്പ് തോമസ് ആണ് വിധി പറഞ്ഞത്. കേസിലെ പ്രതികളായിരുന്ന ബാക്കി 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് കോടതി വെറുതെവിട്ടത്. കേസിലെ പ്രതികളുമായി വ്യക്തിബന്ധമോ വിരോധമോ ഇല്ലാതിരുന്ന വ്യക്തി, മതപരമായ അസഹിഷ്ണുതയുടെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ബി.പി.ശശീന്ദ്രന്‍ പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും. അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും തെളിവെടുപ്പ് നടത്തുന്നതിലും വീഴ്ച നേരിട്ടുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.

മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മന്‍സിലില്‍ എം.വി. മര്‍ഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പി.എം.സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസില്‍ സി.പി.ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍ വളപ്പില്‍ ആര്‍.കെ.അലി (45), കൊവ്വമല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടില്‍ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീര്‍ (40) എന്നിവരാണ് വിചാരണ നേരിട്ടത്.

ക്രൈംബ്രാഞ്ച് ഓഫീസര്‍മാരായ പി.കെ.മധുസൂദനന്‍, കെ.സലീം, എം.ദാമോദരന്‍, ഡി.സാലി, എം.സി.കുഞ്ഞുമൊയ്തീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന് കുറ്റപത്രം നല്‍കി. വിളക്കോട്ടെ മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസ്.