മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാർ. 14 പ്രതികൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി. മണ്ണാർക്കാട് പട്ടികജാതി വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്‌കുമാറിന്റേതാണ് വിധി. ശിക്ഷ പിന്നീട് വിധിക്കും. ഏറെ സാക്ഷികൾ കൂറുമാറിയ കേസിൽ ഡിജിറ്റൽ തെളിവുകളാണ് നിർണ്ണായകമായത്. പ്രോസിക്യൂഷൻ ആശ്വാസമാണ് വിധി. രണ്ടു പേരെ കോടതി വെറുതെ വിട്ടു. നാലാം പ്രതി അനീഷും പതിനൊന്നാം പ്രതി അബ്ദുൾ കരിമിനേയും വെറുതെ വിട്ടു. ആൾക്കുട്ട മർദ്ദനാണ് തെളിയുന്നത്.

പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 13 പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. പതിനാറം പ്രതിക്കെതിരേയും ചെറിയ കുറ്റങ്ങളാണ് ഉള്ളത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

നരഹത്യാ കുറ്റം തെളിഞ്ഞു. ഇതോടെ പത്തുകൊല്ലം വരെ അധികം ശിക്ഷ കിട്ടും. കൊലപ്പെടുത്തണമെന്ന ലക്ഷ്യമില്ലാതെയുള്ള നരഹത്യയാണ് കോടതി കണ്ടെത്തുന്നത്. കടയിൽ നിന്ന് സാധനം എടുത്തുവെന്ന് ആരോപിച്ച് മധുവിനെ ഒന്നാം പ്രതി ചവിട്ടി വീഴ്‌ത്തി. രണ്ടാം പ്രതിയും കുറ്റക്കാരനാണ്. ഒന്നാം പ്രതി ഹുസൈനാണ്. കാട്ടിൽ നിന്നും മധുവിനെ പിടിച്ചു കൊണ്ടു വന്നത് ഹുസൈനാണ്. ഇതെല്ലാം ഡിജറ്റൽ തെളിവുകളിൽ ഉണ്ടായിരുന്നു. രണ്ടാം പ്രതി മരയ്ക്കാറാണ്. മൂന്നാം പ്രതി ഷംസുദ്ദീനും കുറ്റക്കാരനാണ്. ഇതോടെ കേസിൽ പ്രോസിക്യൂഷന് വമ്പൻ നേട്ടമായി.

2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. മാർച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകർപ്പ് പകർത്തൽ പൂർത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. ഏറെ നിർണ്ണായക നിരീക്ഷണങ്ങളുമായാണ് കോടതി വിധി.

നേരത്തെ മധുവിന്റെ കുടുംബത്തിന് വിറ്റ്നസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സംരക്ഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസിൽ വിധി പറയുന്ന സാഹചര്യമുണ്ടായത്. മധുവിന്റെ അമ്മ മല്ലിയമ്മയുടെ പോരാട്ടമാണ് നിർണ്ണായകമായത്.

ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യവും സജീവമാണ്. കൂറുമാറ്റാൻ ഇടനില നിന്നവർക്ക് എതിരെ കേസുണ്ടാകുമോ, പ്രതിഭാഗം അഭിഭാഷകർ കൂറുമാറ്റാൻ ഇടപെട്ടോ, മജിസ്റ്റീരിയൽ റിപ്പോർട്ടിനെ തെളിവായി പരിഗണിച്ചോ എന്നെല്ലാമുള്ള വിധി പ്രസ്താവത്തിന് മുമ്പ് ഉയർന്നിരുന്നു. വിധിക്കു ശേഷം അനിഷ്ട സംഭവങ്ങൾ ഇല്ലാതിരിക്കാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ മാർച്ച് പത്തിന് വാദം പൂർത്തിയായി വിധി പറയാനായി മാർച്ച് 18ന് വച്ചെങ്കിലും പിന്നീടത് 30ലേക്ക് മാറ്റി. മുപ്പതിന് കേസ് പരിഗണിച്ചപ്പോഴാണ് ഏപ്രിൽ നാലിനു വിധി പറയാനായി വീണ്ടും മാറ്റിയത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്.

വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനം വകുപ്പിന്റെ കേസും നിലവിലുണ്ട്. കാട്ടിൽ പോകുന്നതിന്റെയും മധുവിനെ പിടികൂടി വരുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുക്കാലിയിൽ ആൾക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. സംഭവം നടന്ന് നാലു വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതിനെതിരെ മധുവിന്റെ അമ്മ 2022 ജനുവരിയിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മധു കേസിൽ ആദ്യഘട്ടത്തിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ താൽപര്യം കാണിച്ചില്ലെന്നും വിവാദം ഉയർന്നു.

പിന്നീട് അഭിഭാഷകരായ ഗോപിനാഥിനെയും വി.ടി.രഘുനാഥിനെയും നിയമിച്ചെങ്കിലും അവർ ചുമതലയേറ്റില്ല. തുടർന്നു സി.രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് എം മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും നിയമിച്ചു.ഇവർ 2022 ഫെബ്രുവരിയിൽ ചുമതലയേറ്റതോടെയാണ് വിചാരണ ആരംഭിച്ചത്.

വിചാരണയുടെ തുടക്കത്തിൽ സാക്ഷികൾ തുടർച്ചയായി കൂറു മാറിയതിനെ തുടർന്ന് സി.രാജേന്ദ്രനെ പ്രോസിക്യൂഷൻ സ്ഥാനത്തു നിന്നു മാറ്റി രാജേഷ് എം. മേനോനെ നിയമിക്കണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു.പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ.എസ്.മധുവും അദ്ദേഹം സ്ഥലം മാറിയതിനെ തുടർന്ന് നിലവിലെ ജഡ്ജി കെ.എം.രതീഷ്‌കുമാറുമാണ് കേസ് വിചാരണ നടത്തിയത്.