ന്യൂഡൽഹി: അലോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങൾക്കെതിരെ പ്രസ്താവന നടത്തുന്നതിൽ യോഗ ഗുരു ബാബ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി. വാക്സിനേഷനുകൾക്കും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണങ്ങളും നെഗറ്റീവ് പരസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെ വാക്കാൽ വിമർശിച്ചത്.

'ബാബാ രാംദേവിന് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ തന്റെ സംവിധാനം ജനകീയമാക്കാൻ സാധിക്കും. എന്നാൽ, അദ്ദേഹം മറ്റു സംവിധാനങ്ങളെ എന്തിന് വിമർശിക്കണം. നമ്മൾ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാൽ മറ്റു സംവിധാനങ്ങളെ വിമർശിക്കരുത്. എല്ലായ്‌പ്പോഴും തന്റെ സംവിധാനം പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്. ഡോക്ടർമാരുടെ സംവിധാനങ്ങളെ വിമർശിക്കാൻ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതിൽ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം', ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.

ജസ്റ്റിസുമാരായ ഹിമാ കോലിയും സി.ടി. രവികുമാറും ബെഞ്ചിൽ അംഗങ്ങളായിരുന്നു. ഐഎംഎയുടെ ഹർജിയിൽ കേന്ദ്രസർക്കാർ, ആരോഗ്യ മന്ത്രാലയം, അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുർവേദ ലിമിറ്റഡ് എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയുഷ് കമ്പനികൾ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതായി ഐഎംഎ ആരോപിച്ചു.

അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിന്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേൺ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹർജിയിൽ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.