കൊച്ചി: സംസ്ഥാനത്ത് ദുർമന്ത്രവാദം തടയാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമനിർമ്മാണത്തെ സംബന്ധിച്ച് രണ്ടാഴ്‌ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോണിയോട് കോടതി നിർദേശിച്ചു. മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

നിയമനിർമ്മാണം നടത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇലന്തൂർ നരബലിക്ക് സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിന് മുമ്പും നടന്നിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. അനാചാരങ്ങൾ തടയാൻ അടിയന്തരമായി നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിക്കവേ നിയമനിർമ്മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടിയിലാണ് സർക്കാറെന്ന് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മത വിശ്വാസത്തിനെതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നു. അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ജാതിവാല് പേരിനോട് ചേർക്കൽ വീണ്ടും ചിലർ തുടരുന്നു. അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരികയാണ് ഇവർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങൾ തടയാൻ നിയമനിർമ്മാണം വേണമെന്ന ആവശ്യം ശക്തമാകവേ 2021 ഓഗസ്റ്റ് ആറിന് എംഎൽഎ കെ ഡി പ്രസേനൻ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത് ചർച്ചകൾക്ക് വഴിവെച്ചതിന്റെ ഭാഗമായി നിയമ പരിഷ്‌കാര കമ്മീഷൻ സർക്കാരിന് ശുപാർശകൾ കൈമാറിയിരുന്നു. കരടുബില്ലായെങ്കിലും തുടർനടപടികളില്ലാതെ പാതിവഴിയിലാണ് ചർച്ചകൾ. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമം നിലനിൽക്കുന്നുണ്ട്. 1999 മുതൽ നിയമം പ്രാബല്യത്തിൽ വന്നുതുടങ്ങിയെങ്കിലും അതൊക്കെ കാറ്റിൽപ്പറത്തിയാണ് പല സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നത്.

ദുർമന്ത്രവാദത്തിന് തടയിട്ട് നിയമം നിർമ്മിച്ച ആദ്യത്തെ സംസ്ഥാനമാണ് ബിഹാർ. 1999ലായിരുന്നു ഇത്. പിന്നാലെ ഝാർഖണ്ഡിലും നിയമം മൂലം നിരോധനം വന്നു. എന്നാൽ, അതിനുശേഷവും നിരവധി സംഭവങ്ങളാണ് ഝാർഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2005ലാണ് ഛത്തീസ്‌ഗഡിൽ സമാന നിയമം നിലവിൽവന്നത്. ദുർമന്ത്രവാദം വഴി ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും.

2013ൽ ഒഡീഷയിലും നിയമം പ്രാബല്യത്തിലായി. ആഭിചാരക്രിയകളുടെയോ ദുർമന്ത്രവാദത്തിന്റെയോ പേരിൽ പീഡിപ്പിച്ചാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും വിധമാണ് ഒഡീഷയിലെ നിയമം. എന്നാൽ,നിരോധനം വന്നിട്ടും മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒഡീഷയിലും നിരവധി സംഭവങ്ങൾ പിന്നീടുമുണ്ടായിട്ടുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വികസിച്ച 21-ാം നൂറ്റാണ്ടിലും അനാചാരങ്ങൾക്ക് യാതൊരു കുറവുമില്ലെന്നാണ് ഒരു കേസ് പരിഗണിക്കവെ കഴിഞ്ഞ വർഷം, ഒഡീഷ ഹൈക്കോടതി നിരീക്ഷിച്ചത്.

2013 ഡിസംബർ 18നാണ് മഹാരാഷ്ട്ര അന്ധവിശ്വാസങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് പലയിടത്തും നരബലിയും മറ്റും വർധിച്ച സാഹചര്യത്തിലാണ് ദുർമന്ത്രവാദം, ആഭിചാരക്രിയകൾ,നരബലി എന്നിവ നിരോധിച്ച് മഹാരാഷ്ട്ര നിയമം നിർമ്മിച്ചത്. ഡോ.നരേന്ദ്ര ധാഭോൽക്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ബോധവത്കരണ പ്രക്ഷോഭൾക്ക് വെളിച്ചംകണ്ടത് പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു.18 വർഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നിയമം പാസായത്. ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്താനാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്.

2013ൽ കർണാടകയും 2015ൽ രാജസ്ഥാനും നിയമം പാസാക്കി. ആഭിചാരം, മന്ത്രവാദം, മതത്തിന്റെ പേരിൽ മൃഗങ്ങളെയോ മനുഷ്യരെയോ അപകടപ്പെടുത്തൽ എന്നിവയ്‌ക്കൊക്കെ കർണാടകയിൽ നിരോധനം വന്നു. നരബലി, സ്ത്രീകളെ നഗ്‌നരാക്കൽ, അമാനുഷിക ശക്തികളുടെ സഹായത്തോടെയെന്ന പേരിൽ ലൈംഗിക ചൂഷണം എന്നിവയ്‌ക്കെതിരെയും നിയമം വ്യവസ്ഥ ചെയ്യുന്നു.