- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ കേസിലെ 11 പ്രതികളെ വിട്ടയച്ചത് കേന്ദ്രാനുമതിയോടെ; പ്രതികൾ നല്ല നടപ്പുകാരും 14 വർഷത്തോളം ജയിലിൽ കഴിഞ്ഞവരും; ജയിൽ മോചിതരാക്കിയത് 1992 ലെ നയപ്രകാരം; ക്രിമിനൽ വിഷയത്തിൽ മൂന്നാം കക്ഷിക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ഇടപെടാൻ ആവില്ല; വിവാദ സംഭവത്തിൽ, സുപ്രീം കോടതിയിൽ കാരണങ്ങൾ വിശദീകരിച്ച് ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ, ബിൽക്കിസ് ബാനോവിനെ കൂട്ടബലാൽസംഗം ചെയ്ത് കേസിലെ 11 പ്രതികളെ വിട്ടയച്ചതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചു. പ്രതികൾ 14 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും അവരുടേത് നല്ല പെരുമാറ്റം ആയിരുന്നുവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. പ്രതികളെ നേരത്തെ വിട്ടയയ്ക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിരുന്നു. ജൂലൈ 17 അയച്ച കത്തിലാണ് കേന്ദ്രം അനുമതി നൽകിയതെന്നും ഗുജറാത്ത് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു.
സംസ്ഥാനം പ്രതികളുടെ വിടുതൽ അംഗീകരിച്ചതോടെ, ഓഗസ്റ്റ് 10 ന് ഇവരെ മോചിപ്പിക്കാനുള്ള ഉത്തരവിട്ടു. 1992 ലെ നയപ്രകാരമാണ് മോചനത്തിന് ഉത്തരവിറക്കിയത്. ക്രിമിനൽ വിഷത്തിൽ, മൂന്നാം കക്ഷിക്ക് പൊതുതാൽപര്യ ഹർജി നൽകി ഇടപെടാൻ ആവില്ലെന്നും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. പൊതുതാൽപര്യ ഹർജിയുടെ ദുരുപയോഗമാണ് വിടുതലിനെ ചോദ്യം ചെയ്തുള്ള ഹർജികളെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത് സിപിഎം നേതാവ് സുഭാഷിണി അലി, മഹുവ മൊയിത്ര എംപി, മാധ്യമ പ്രവർത്തക രേവതി ലൗൽ, രൂപ് രേഖ വർമ എന്നിവരാണ്.
ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ശിക്ഷ ഇളവ് നൽകിയത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്ന് ഇവർ മോചിതരായത്. പ്രതികളെ മോചിപ്പിച്ചതിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തന്നെ വിവരം അറിയിക്കുകയോ, താനുമായി ആലോചിക്കുകയോ ചെയ്തില്ലെന്ന് ബിൽക്കിസ് ബാനോ ആരോപിച്ചിരുന്നു.
1992 ലെ ഗുജറാത്ത് സർക്കാർ ഉത്തരവ് അനുസരിച്ച് പതിനാല് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയ്ക്കാൻ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ 2014 പുതുക്കിയ ഉത്തരവ് പ്രകാരം ബലാത്സംഗം, കൊലപാതകം അടക്കം കേസുകളിൽ പെട്ടവർക്ക് ഈ പരിഗണന ലഭിക്കില്ല. എന്നാൽ ബിൽക്കിസ് ഭാനു കേസിൽ ശിക്ഷ വിധി 2008 ലാണുണ്ടായത്. അതിനാൽ അന്ന് ബാധകമാകുന്നത് 1992 ലെ ഉത്തരവാണെന്ന് കാട്ടിയാണ് സർക്കാർ ഇവരെ മോചിപ്പിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയിലെ നിയമവശങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. 2002 മാർച്ചിൽ, ഗോധ്രയിൽ സബർമതി എക്സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു ഗുജറാത്തിലെ ദാഹോദിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്.
2004 ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്. അഹമ്മദാബാദിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ, സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ബിൽക്കീസ് ബാനോ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. കേസിൽ 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചു.
ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരായിരുന്നു കേസിലെ പ്രതികൾ.
മറുനാടന് മലയാളി ബ്യൂറോ