- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ വീട്ടിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോയത് സ്വന്തം വീട്ടിൽ കാണിക്കാനെന്നു പറഞ്ഞ്; ബാസ്കറ്റിൽ ഒളിപ്പിച്ച് കുഞ്ഞിനെ തിരുവല്ലം ആറ്റിലേക്കെറിഞ്ഞത് മാലിന്യം കളയുന്ന വ്യാജേന; തിരുവല്ലം ദുരഭിമാനക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ പട്ടിക ജാതിക്കാരിയായ ഭാര്യയിൽ ജനിച്ച 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മേൽ ജാതിക്കാരനായ ഭർത്താവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ തിരുവല്ലം ദുരഭിമാന കൊലക്കേസിൽ പ്രതിയായ പിതാവ് ഉണ്ണിയെന്ന ഉണ്ണികൃഷ്ണന് തലസ്ഥാന വിചാരണ കോടതി കുറ്റപത്രം നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് പ്രതിക്ക് കുറ്റപത്രം നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം ) , പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (2) (വി) എന്നീ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് പ്രതിക്ക് നൽകിയത്.2020 സെപ്റ്റംബർ 25 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.നൂല് കെട്ടു ദിവസം നെടുമങ്ങാട് നിന്നും കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചിചിട്ടു കൊണ്ടുവരാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ബാസ്‌ക്കറ്റിൽ ഒളിപ്പിച്ച് രാത്രി 7.30 മണിക്ക് മാലിന്യം കളയുന്നുവെന്ന വ്യാജേന തിരുവല്ലം ആറ്റിൽ എറിഞ്ഞു കൊന്നുവെന്നാണ് കേസ്.
25 ന് രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാൾ തിരുവല്ലം പൊലീസ് കസ്റ്റഡിയിലായത്. കുഞ്ഞിനെയും ഭർത്താവിനെയും വൈകിയും കാണാത്തതിനാൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നു. കുഞ്ഞിന്റെ മാതാവ് പട്ടികജാതിയിൽപ്പെട്ട യുവതിയും പിതാവ് മേൽ ജാതിയിൽ പെട്ടയാളുമാണ്.
കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം നടന്നത്. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്.