ന്യൂഡൽഹി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷയും മാനഹാനിയും. 22 വർഷത്തിന് ശേഷം നീതി കിട്ടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനെ പോലെ പരാതിക്കാരൻ. മുൻ മേജർ ജനറൽ എം എസ് അലുവാലിയയ്ക്കാണ് ഈ ദുർവിധി. ന്യൂസ് പ്ലാറ്റ്‌ഫോമായ തെഹൽക്ക ഡോട്ട്‌കോം സ്റ്റിങ് ഓപ്പറേഷനിലൂടെ നൽകിയ റിപ്പോർട്ടാണ് മേജറിന്റെ ജീവിതം തുലച്ചത്. അപകീർത്തി കേസിൽ മാധ്യമപ്രവർത്തകരായ തരുൺ തേജ്പാൽ, അനിരുദ്ധ ബഹാൽ, മാത്യു സാമുവൽ എന്നിവർ അലൂവാലിയയ്ക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

2001 ൽ ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിലായിരുന്നു തെഹൽക്കയുടെ സ്റ്റിങ് ഓപ്പറേഷൻ. പ്രതിരോധ ഇടപാടുകൾക്കായി അലുവാലിയ കോഴ കൈപ്പറ്റുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. തെഹൽക്ക ഡോട് കോമിലും, സീ ടിവി നെറ്റ് വർക്കിലുമാണ് വാർത്ത സംപ്രേഷണം ചെയ്തത്.

മാത്യു സാമുവലിന്റെ സ്റ്റിങ് ഓപ്പറേഷനെ തുടർന്ന് സൈനിക കോടതി അന്വേഷണം നടത്തുകയും മേജർ ജനറൽ അലുവാലിയയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ, അന്നത്തെ സൈനിക മേധാവി തന്റെ വിവേചനാധികാരം ഉപയോഗിച്ച് മേജർ അലുവാലിയയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, സൈനിക ഉദ്യോഗസ്ഥന് തീർത്തും അനുചിതമായ നടപടിയെന്ന് വിലയിരുത്തുകയും ചെയ്തു.

സ്റ്റിങ് ഓപ്പറേഷനിടെ, അലുവാലിയ ഒരിക്കലും പണം ചോദിച്ചിട്ടില്ലെന്നിരിക്കെ, തെഹൽക്കയും, അതിന്റെ മാധ്യമപ്രവർത്തകരും, ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയത് അലുവാലിയയെ അപകീർത്തിപ്പെടുത്താനാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വിധിയിൽ പറഞ്ഞു.

അലുവാലിയ, സൈനിക കോടതി അന്വേഷണം നേരിടുകയും, സൈനിക ഉദ്യോഗസ്ഥനായിരിക്കാൻ അയോഗ്യനെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മാപ്പപേക്ഷ ഈ കേസിൽ അപ്രസക്തമായെന്ന് കോടതി പറഞ്ഞു. പൊതുജനത്തിന് മുന്നിൽ അഴിമതിക്കാരനെന്ന് തെറ്റായി മുദ്രകുത്തപ്പെടുകയും, അന്തസ് നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിൽ മാപ്പുപറച്ചിൽ കൊണ്ടു ഒരുകാര്യവുമില്ല. അപഖ്യാതികൾ പേറി 23 വർഷത്തിലേറെ അദ്ദേഹം ജീവിച്ചുകഴിഞ്ഞു. അപകീർത്തിയുടെ ഗുരുതര സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഈ ഘട്ടത്തിൽ മാപ്പപേക്ഷ അപര്യാപ്തമാണെന്ന് മാത്രമല്ല, അർഥശൂന്യവുമാണ്, കോടതി പറഞ്ഞു.

2002 ലാണ് അലുവാലിയ കോടതിയെ സമീപിച്ചത്. താൻ റിപ്പോർട്ടറുടെ പക്കൽ നിന്ന് 10 ലക്ഷവും ബ്ലു ലേബൽ വിസ്‌കിയും ആവശ്യപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തെഹൽക്കയുടെ വീഡിയോ ടേപ്പും റിപ്പോർട്ടുമെന്ന് മേജർ വാദിച്ചു. താൻ നിരപരാധിയാണെന്ന വാദം ഇതുമൂലം കേൾക്കാതെ പോയെന്നും, തന്റെ പ്രതിച്ഛായയ്ക്കും അന്തസ്സിനും ഇടിവുസംഭവിച്ചതായും മേജർ ഹർജിയിൽ പറഞ്ഞിരുന്നു.

തെഹൽക്കയുടെ വീഡിയോയിലെ ആരോപണങ്ങൾ വ്യാജവും, ദുരുദ്ദേശ്യപരവും, യഥാർഥ വസ്തുതകൾ അന്വേഷിക്കാതെയുമാണ്. വീഡിയോയിൽ, കൃത്രിമം നടന്നുവെന്നും, ചില ഭാഗങ്ങൾ മുറിച്ചുനീക്കിയെന്നും വസ്തുതകൾക്ക് നിരക്കാത്ത പരാമർശങ്ങൾ ചേർത്തെന്നും മേജർ ആരോപിച്ചിരുന്നു. മിക്കവാറും, ടിവി ചാനലുകളും, അച്ചടി മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, സൈനിക കോടതിയിലെ വാദത്തിനിടെ, തനിക്കെതിരെ വാർത്ത നൽകിയ മാത്യു സാമുവൽ താൻ നിരപരാധിയെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് നൽകിയത്. അലുവാലിയ ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ഒരുപഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനോ, മറ്റാതിഥ്യങ്ങൾ സ്വീകരിക്കാനോ വിസമ്മതിച്ചെന്നും മാത്യു സാമുവൽ സൈനിക കോടതിയിൽ പറഞ്ഞു.

ഒരു സുഹൃത്തെന്ന നിലയിൽ മാത്രമാണ് താൻ 'ഈ ഉപദേശം' നൽകുന്നതെന്ന അലുവാലിയയുടെ പരാമർശവും തെഹൽക്ക വീഡിയോയിൽ നിന്ന് നീക്കം ചെയ്തിരുന്നു.കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ പരാതിക്കാരനായ അലുവാലിയ പണം ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്തില്ലെന്ന കാര്യം വ്യക്തമാക്കി. ഇതാണ് വസ്തുതയെങ്കിലും, തെഹൽക്കയുടെ വാർത്തയിൽ മറിച്ചുള്ള പരാമർശമാണ് വന്നത്. ഇതെല്ലാം പ്രതികളുടെ ഭാവനാവിലാസങ്ങൾ മാത്രമാണെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

സൈന്യത്തിൽ മേജർ ജനറലായിരിക്കുന്ന വ്യക്തി 50,000 രൂപ കോഴ ആവശ്യപ്പെട്ടുവെന്നും വാങ്ങിയെന്നുമുള്ള ആരോപണത്തിൽ പരമായി ഒരു മോശം അപകീർത്തി അദ്ദേഹത്തിന്റെ അന്തസിന് സംഭവിക്കാനില്ല. ഇപ്പോഴും ആ റിപ്പോർട്ട് തെഹൽക്ക ഡോട്ട്‌കോമിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

തെഹൽക്കയ്ക്ക് എതിരായ അപകീർത്തി കേസ് തെളിഞ്ഞെങ്കിലും സീ ടിവിക്കും സുഭാഷ് ചന്ദ്രയ്ക്കും എതിരായ അപകീർത്തി കേസ് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. കോടതി ചെലവ് കൂടാതെയാണ് തെഹൽക്കയിലെ മാധ്യമപ്രവർത്തകർ 2 കോടി നഷ്ടപരിഹാരം അലുവാലിയയ്ക്ക് നൽകണമെന്ന് വിധിച്ചത്.