- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയുടെ അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും; ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി; കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്തമെന്ന നിർദേശത്തിൽ പുനഃപരിശോധന
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളും, അന്വേഷണത്തിന്റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ട് ആരോപണം നേടിരുന്ന വ്യക്തിക്കോ പ്രതിക്കോ നൽകേണ്ടതില്ല എന്ന നിർദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി നൽകിയവർക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. ഇഡിയുടെ അധികാരങ്ങൾ ശരിവച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ജൂലൈയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാൾ ആരോപണ വിധേയനാണെങ്കിൽ ആരോപണ വിധേയനല്ല എന്നു തെളിയിക്കേണ്ടത് ആരോപണം നേരിടുന്ന ആളുടെ ഉത്തരവാദിത്തമാണെന്ന നിർദ്ദേശവും പുനഃപരിശോധിക്കും.
ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഉത്തരവ്. തുറന്ന കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്.
അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടൽ, റെയ്ഡ്, തെളിവു പിടിച്ചെടുക്കൽ തുടങ്ങിയ അധികാരങ്ങൾ ഇഡിക്കു പ്രയോഗിക്കാമെന്ന് അധികാരങ്ങൾ ശരിവച്ച സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് എംപി കാർത്തി ചിദംബരം, കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരുടേതുൾപ്പെടെ 241 ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് ഇഡിയുടെ അധികാരങ്ങൾ ശരിവച്ചത്.
പിഎംഎൽഎ പ്രകാരമുള്ള വകുപ്പുകളും ഇഡിയുടെ നടപടിക്രമങ്ങളും ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ അധികാരങ്ങളെല്ലാം, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിൽ, ഇഡി ദുർവിനിയോഗം ചെയ്യുകയാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ