- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധം; വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനത്തിൽ പിഴവ് പറ്റി; രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്നും സുപ്രീം കോടതി; ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജിവച്ചത്. ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഷിൻഡെ സർക്കാർ രൂപീകരണത്തെ ഗവർണർ പിന്തുണച്ചതിനെ ന്യായീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഷിൻഡെ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിൽ ആണ് വിധി. ഹർജികളിൽ വാദം കേൾക്കുന്നതിനിടെയും ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ല. ഗവർണർ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നു. കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്നില്ല.
ഏക്‌നാഥ് ഷിൻഡെ വിപ്പിനെ നിയോഗിച്ചത് നിയവിരുദ്ധമായെന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വിപ്പിനെ നിയോഗിക്കേണ്ടത് രാഷട്രീയ പാർട്ടി നേതാവാണെന്ന് കോടതി വ്യക്തമാക്കി. 2019ൽ ശിവസേന നേതാവായി ഉദ്ധവ് താക്കറെയെ ഏകകണ്ഠമായാണ് നിയമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഷിൻഡെയുടെ സർക്കാറിന്റെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകരുതായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമാണ്. ഗവർണർ ഉപയോഗിച്ചത് ഭരണഘടന നൽകാത്ത അധികാരമാണ്. സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർ ഭാഗഭാക്കാകരുതായിരുന്നു.
ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. അതേസമയം, ഷിൻഡെ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നു വിധിക്കുകയും ചെയ്താൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജിവയ്ക്കുന്നതിനു മുൻപുള്ള തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം അംഗീകരിക്കാൻ സാധ്യമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സ്പീക്കറുടെ അധികാരം സംബന്ധിച്ച തർക്കം സുപ്രീംകോടതി ഏഴംഗബെഞ്ചിന് വിട്ടു