കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെ നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു.

പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിന് അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്‌കറിയ പട്ടികയിൽ രണ്ടാമതായത്.
പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്റർവ്യുവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്‌കോർ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു.യുജിസി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയത്തിന് സർവ്വകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടരായിരുന്ന രണ്ട് വർഷത്തെ അനധ്യാപക കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയിൽ പറയുന്നു.ഇത് ചട്ട വിരുദ്ധമാണ്.

156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസേർച്ച് സ്‌കോർ 651 പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകനായ ജോസഫ് സ്‌കറിയ രണ്ടാം റാങ്കും, 645 സ്‌കോർ പോയിന്റുള്ള മലയാളം സർവ്വകലാശാല അദ്ധ്യാപകനായ സി. ഗണേശിന് മൂന്നാം റാങ്കുമാണ് നൽകിയത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാനുണ്ടായിരുന്നത്. ആറു പേരെയും ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു.പ്രിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേശിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്. വിവാദത്തെ തുടർന്ന് അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.