- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വയസിൽ മാത്രമേ ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂ; അതിനാൽ 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ല'; കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിലെ ഈ വിശദീകരണം ശാസ്ത്രീയമോ? ആരോഗ്യ സർവകലാശാലയും 'കേശവമാമ'നാവുന്നോ!
കോഴിക്കോട്: ശാസ്ത്രീയമെന്ന പേരിൽ അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്ന 'വാട്സാപ്പ് കേശവമാമന്മാരുടെ' കാലമാണിത്. ഇവരിൽ പലരും എടുക്കുന്ന ടെക്ക്നിക്ക് സയസിന്റെ ചിലഭാഗങ്ങൾ മാത്രമെടുത്ത്, അത് തങ്ങളുടെ ആശയങ്ങൾക്ക് അനുസരിച്ച് വികലമായി ഉപയോഗിക്കുക എന്നതാണ്. ഉദാഹരണമായി എത് മരുന്നിനും ഉള്ള നിസ്സാരമായ സൈഡ് എഫക്റ്റുകൾ പോലും കൃത്യമായി രേഖപ്പെടുത്തുക ശാസ്ത്രത്തിന്റെ രീതിയാണ്. എന്നാൽ കപടശാസ്ത്ര പ്രചാരകർ ഈ പാർശ്വഫലങ്ങൾ മാത്രം എടുത്ത് ഇന്നയിന്ന മരുന്നുകൾ 'വിഷം' ആണെന്ന് സമർഥിക്കും. ഇതേരീതിയിലുള്ള ശാസ്തീയമായ കുയുക്തി പ്രയോഗമാണ്, ഇപ്പോൾ ആരോഗ്യ സർവകലാശാലയും പുറത്തെടുത്തിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് ആരോഗ്യ സർവകലാശാല ശാസ്ത്രത്തെ കൂട്ടുപിടിച്ച് സദാചാര പൊലീസ് ആവുന്നത്. നേരത്തെ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് മാത്രം 9.30നുള്ളിൽ എത്തണമെന്ന് ഓർഡർ ഉണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പുതിയ ഓർഡർ ബാധകമാക്കി 'ലിംഗ നീതി' ഉറപ്പുവരുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിക്കെതിരെയാണ് ആരോഗ്യ സർവകലാശാല വിചിത്രന്യായങ്ങൾ നിരത്തുന്നത്.
മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്്മൂലത്തിൽ പറയുന്നു. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും ആരോഗ്യ സർവകശാശാല ഹെക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ചുറ്റുമതിൽ ഇല്ല. അതിനാൽ നിയന്ത്രണം വേണ്ടിവരും. ഹോസറ്റൽ നിയന്ത്രണം കാരണ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലൈബ്രറികൾ അടക്കുന്നതിനാൽ 9.30 ന് ഹോസ്റ്റലിൽ കയറണം എന്ന് പറയുന്നതിൽ തെറ്റില്ല. നിയന്ത്രണങ്ങളിൽ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സർവകലാശാല സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കൗമാരക്കാരുടെ മസ്തിഷ്‌കം ഘടനാപരമായി ദുർബലമാണ്. പലവിധ സമ്മർദ്ദങ്ങളിൽ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളിൽ 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസിൽ പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹർജി തള്ളണമെന്നും ആരോഗ്യ സർവകലാശാല കോടതിയിൽ ആവശ്യപ്പെട്ടു. പക്ഷേ ഈ വാദത്തിലെ 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്ന വാദം സോഷ്യൽ മീഡിയിൽ അടക്കം പരിഹാസ്യം ആവുകയാണ്.
സർവകലാശാലയുടേത് വികല വാദങ്ങൾ
ആരോഗ്യ സർവകലാശലായുടെ വാദം വികലവാദമാണെന്ന്, ന്യൂറോ സയൻസ് വിദഗധൻ ഡോ കെ വി ആനന്ദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. 'മസ്തിഷ്‌ക വളർച്ചയുടെ 90 ശതമാനവും നമ്മൾ നഴ്സറി സ്‌കൂളിൽ പോകുന്നതിന് മുമ്പാണ് സംഭവിക്കുന്നത്. ജനനസമയത്ത്, കുട്ടിയുടെ ശരാശരി തലച്ചോറിന് മുതിർന്നവരുടെ തലച്ചോറിന്റെ നാലിലൊന്ന് വലുപ്പം മാത്രമാണ് ഉണ്ടാവുക. ആദ്യ വർഷത്തിൽ അതിന്റെ വലുപ്പം ഇരട്ടിയാകുന്നു.
ഇത് 3 വയസ്സ് ആകുമ്പോഴേക്കും മുതിർന്നവരുടെ വലുപ്പത്തിന്റെ 80 ശതമാനം ആയി മാറുന്നു. അഞ്ച് വയസ്സ് ആകുന്നതോടെ 90 ശതമാനം പുർത്തിയാവുന്നു. 18 വയസ്സ് ആവുമ്പോഴേക്കും അത് വളർച്ച 99.99ശതമാനത്തിലേറെയാവുന്നു. പിന്നെയുള്ള മസ്തിഷ്‌ക്ക വികാരകേന്ദ്രങ്ങളുടെ വളർച്ചയാണ് 25 വയസ്സിൽ പുർത്തിയാവുന്നത്. ഇതിനർഥം 18ാം വയസ്സിൽ കുട്ടികൾക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാൻ കഴിയില്ല എന്നല്ല. 25വയസ്സിലെ ബുദ്ധിവളർച്ച പൂർണ്ണമാവു എന്നത് സാങ്കേതികം മാത്രമാണ്.''- ഡോ ആനന്ദ് ചൂണ്ടിക്കാട്ടുന്നു.
മസ്തിഷ്‌ക്കത്തിന്റെ റാഷണൽ പാർട്ടിന്റെ വികാസം മാത്രമാണ് ഇനി നടക്കാനുള്ളത്. 'ഇത് വളച്ചൊടിച്ച് കുട്ടികളുടെ ഹോസ്റ്റൽ സമയത്തിൽ വരെ എത്തിച്ചാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ 18 വയസ്സുള്ളവർക്ക് വോട്ടവകാശവും, ഡ്രൈവിങ്ങ് ലൈസൻസും ഒന്നും കൊടുക്കരുത്. എന്തിന് അങ്ങേയറ്റം സങ്കീർണ്ണമായ തീരുമാനങ്ങൾ എടുക്കേണ്ട, മെഡിക്കൽ വിദ്യാഭ്യാസംപോലും 25 വയസ്സ് കഴിഞ്ഞ് പഠിച്ചാൽ മതി എന്ന് പറയേണ്ടിവരും''- ഡോ ആനന്ദ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ മസ്തിഷ്‌ക്ക വികാസം സംബന്ധിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഇങ്ങനെ പറയുന്നു. 'ഒരു കൗമാരക്കാരന്റെ തലച്ചോറിന്റെ യുക്തിസഹമായ ഭാഗം ( റാഷണൽ പാർട്ട്) പൂർണ്ണമായി വികസിച്ചിട്ടില്ല. അത് പൂർത്തിയാവാൻ 25 വയസിന് അപ്പുറം പോവില്ല. മുതിർന്നവരുടെയും കൗമാരക്കാരുടെയും തലച്ചോറുകൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവർ തലച്ചോറിന്റെ യുക്തിസഹമായ ഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടെക്സ് ഉപയോഗിച്ച് ചിന്തിക്കുന്നു. നല്ല വിവേചനത്തോടെയും ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധത്തോടെയും സാഹചര്യങ്ങളോട് പ്രതികരിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. കൗമാരക്കാർ അമിത്തല ഉപയോഗിച്ച് വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു. ഇത് വൈകാരിക ഭാഗമാണ്. കൗമാരക്കാരുടെ തലച്ചോറിന്റെ ഇമോഷണൽ പാർട്ടും, ഡിസിഷൻ മേക്കിങ്് സെന്ററും തമ്മിലുള്ള ബന്ധം എപ്പോഴും ഒരേ നിരക്കിൽ അല്ല. അത് വികസിച്ച് കൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് കൗമാരക്കാർക്ക് അമിതമായ വൈകാരിക ഇൻപുട്ട് ഉള്ളപ്പോൾ, അവർ എന്താണ് ചിന്തിക്കുന്നതെന്ന് പിന്നീട് വിശദീകരിക്കാൻ അവർക്ക് കഴിയില്ല. അവർക്ക് എന്താണ് ഫീൽചെയ്യുന്നത് അതുപോലെ അവർ ചിന്തിച്ചിരുന്നില്ല.''- ഇങ്ങനെയാണ് ആ ലേഖനത്തിൽ പറയുന്നത്.
ഇവിടെ യുക്തിപരമായ വികാസവും വൈകാരികമായ വികാസത്തെയുമാണ് പറയുന്നത്. അല്ലാതെ പൊതുവായ ബുദ്ധിയെക്കുറിച്ചല്ല. ഇത് വളച്ചൊടിച്ചാണ് മെഡിക്കൽ സദാചാരപൊലീസിങ്ങിലേക്ക് ആരോഗ്യ സർവകലാശാല എത്തുന്നത്.
പരിഹസിച്ച് സോഷ്യൽ മീഡിയ
ആരോഗ്യസർവകലാശാലയുടെ നിലപാടിനെതിരെ നിരവധിപേർ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ മുരളി തുമ്മാരുകുടി ഇങ്ങനെ എഴുതുന്നു. 'മനോരമ വാർത്തയാണ്, പൂർണ്ണമായും സത്യമാണോ എന്നറിയില്ല. പക്ഷെ സത്യമാണെങ്കിൽ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല പൂർണ്ണബോധ്യത്തോടെ കേരള ഹൈക്കോടതിയിൽ പറഞ്ഞതാണ്. ആരോഗ്യ സർവ്വകലാശാല അല്ലേ പറയുന്നത്. അൽപ്പം മെഡിക്കൽ സയൻസ് ഒക്കെ പുറകിൽ ഉണ്ടാകുമെന്ന് സാധാരണ ഗതിയിൽ നാം ചിന്തിക്കും. കാര്യം മെഡിക്കൽ വിദ്യാർത്ഥികളെ സമയത്തിന് കൂട്ടിൽ കേറ്റാൻ വേണ്ടിയുള്ള പ്രയോഗമാകാം, പക്ഷെ അതിന് പ്രായോഗിക തലത്തിൽ എത്ര പ്രശ്നങ്ങൾ ആണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കേരളത്തിൽ പതിനെട്ട് വയസ്സിൽ വോട്ട് ചെയ്യാം. പൂർണ്ണമായി മാനസിക വളർച്ച എത്താത്ത ആളുകളെ കൊണ്ട് വോട്ട് ചെയ്യിച്ച് നമ്മുടെ ജനാധിത്യം മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയാണോ? ഇന്ത്യയിൽ ഇരുപത്തി ഒന്ന് വയസ്സിൽ കല്യാണം കഴിക്കാം. സുരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും ലഹരിമരുന്നിലേക്കുമെല്ലാം ഇവർ കടക്കാൻ സാധ്യതയുണ്ടെന്നല്ലോ ആരോഗ്യ സർവ്വകലാശാല പറയുന്നത്. ആകെ കുഴപ്പമാകില്ലേ?
ഇരുപത്തി ഒന്ന് വയസ്സിൽ പഞ്ചായത്ത് മെമ്പർ തൊട്ട് മേയർ വരെ ആയവർ കേരളത്തിൽ ഉണ്ട്. ശാസ്ത്രീയമായി മാനസിക വികാസം എത്താത്തവരെ ഒക്കെയാണല്ലോ നമ്മൾ ഭരണം ഏൽപ്പിച്ചിരിക്കുന്നത്. ഇനിയെന്ത് ചെയ്യും പഞ്ചായത്തിന്റേയും കോർപറേഷന്റെയും ഒക്കെ കാര്യം അവിടെ കിടക്കട്ടെ. സ്വീഡനിലെ പുതിയ പരിസ്ഥിതി മന്ത്രി ചാർജ്ജെടുക്കുമ്പോൾ പ്രായം ഇരുപത്തി അഞ്ചായിട്ടില്ല. മസ്തിഷ്‌ക വികാസം നേടാത്തവർ ഒക്കെ രാജ്യം ഭരിച്ചാൽ കുഴപ്പമാവുമെന്ന് കേരള ആരോഗ്യ സർവ്വകലാശാലയുടെ കണ്ടെത്തൽ ഉടൻ അവിടെ അറിയിക്കേണ്ടേ? നോബൽ പ്രൈസ് കൊടുക്കുന്ന രാജ്യമാണ്, പുതിയ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും.ഒവ്വ !അങ്ങ് ചെന്നാൽ മതി.
പതിനെട്ടിനും പത്തൊമ്പതിനും ഇടക്ക് ഭൂരിഭാഗം സ്വീഡിഷ് കുട്ടികളും അച്ഛനും അമ്മയുടേയും വീട് വിട്ട് സ്വന്തമായി മാറി താമസിച്ചു ജീവിച്ചു തുടങ്ങും. അവരോടാണ് ഈ ഹോസ്റ്റൽ കർഫ്യൂ ശാസ്ത്രവും ആയി ആരോഗ്യ സർവ്വകലാശാല ചെല്ലുന്നത്. സത്യം പറയട്ടെ. കേരളത്തിൽ സദാചാര പൊലീസ് ആരാണ്, ശാസ്ത്രീയമായി ചിന്തിക്കുന്നവർ ആരാണ് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത കാലമായി. ആരോഗ്യ സർവ്വകലാശാല ഇങ്ങനെ ഒന്നും പറഞ്ഞില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കുട്ടികളെ വളരാൻ അനുവദിക്കൂ. സമൂഹത്തിൽ സുരക്ഷ ഉണ്ടാക്കൂ, സദാചാര പൊലീസിങ് അവസാനിപ്പിക്കൂ. മസ്തിഷ്‌കം ഒക്കെ സമയത്തിന് വളർന്നോളും. ഇരുപത്തി അഞ്ചല്ലെങ്കിലും മുപ്പത് വയസ്സിന് മുൻപ് മന്ത്രിയും മുപ്പതുകളിൽ മുഖ്യമന്ത്രിയും ഒക്കെ ഉണ്ടായിട്ടുള്ള നാടാണ്. അതിനെ പുറകോട്ടടിക്കരുത്. ''- ഇങ്ങനെയാണ് മുരളി തെമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സർവകാലശാലയുടെ നിപാട് മെഡിക്കൽ സദാചാര പൊലീസിങ്ങ് ആണെന്ന് കാണിച്ച് മറ്റ് നിരവധിപേരും രംഗത്ത് എത്തിയിട്ടുണ്ട്.