കൊച്ചി: ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് ലൈംഗിക ബോധവത്കരണം ഉൾപ്പെടുത്തി പാഠ്യപദ്ധതി ഉടൻ പരിഷ്‌കരിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. രണ്ട് മാസത്തിനുള്ളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്.

ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കണം. വിദ്യാർത്ഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം ഇത്തരം പാഠ്യപദ്ധതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.

ഇതിനായി അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതും തടയുന്നതിനായി പ്രതിരോധ മാർഗങ്ങൾ പുസ്തകങ്ങളിലൂടെ പഠിപ്പിക്കുകയെന്നതാണ് അമേരിക്കയിലെ എറിൻസ് നിയമം ആവശ്യപ്പെടുന്നത്. 2019-ൽ ആണ് അമേരിക്ക ഇത് പാസാക്കുകയും നിയമാക്കുകയും ചെയ്തത്.

കുട്ടികൾക്ക് സ്വയം പ്രതിരോധമടക്കമുള്ള കാര്യങ്ങളാണ് നിയമത്തിൽ പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായ എഴുത്തുകാരിയും പ്രാസംഗികയും ആക്ടിവിസ്റ്റുമായ എറിൻ മെറിനിന്റെ ആവശ്യപ്രകാരമാണ് അമേരിക്ക ഈ നിയമം പാസാക്കിയത്.