കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന് സ്റ്റേ. കോഴിക്കോട് കോടതി അനുവദിച്ച മുൻകൂർ ജാമ്യം സ്‌റ്റേ ചെയ്തത് ഹൈക്കോടതി ഇടപെട്ടാണ്. ഇരയുടെ വസ്ത്രധാരണം പീഡനത്തിന് പ്രകോപനമായെന്ന പരാമർശമുള്ള ഉത്തരവിനും സ്റ്റേ അനുവദിച്ചിട്ടുണ്ട്. അതേസമയം മുൻകൂർ ജാമ്യ ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും സിവിക്കിനെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്‌കോടതി ഉത്തരവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.

അച്ഛൻ മരിച്ചതിനാലും മാനസിക സമ്മർദ്ദം നേരിടുന്നതിനാലുമാണ് പരാതി നൽകാൻ വൈകിയത്. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിരുന്നു. സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെ കുറിച്ചുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഹർജിയിലുണ്ടായിരുന്നു.

അതേസമയം ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാർക്ക് സ്ഥലംമാറ്റം നടപ്പിലാക്കിയിരുന്നു. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായാണ് നിയമിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലാ ജഡ്ജിയായി മഞ്ചേരി ജില്ലാ ജഡ്ജി എസ് . മുരളീകൃഷ്ണനെ നിയമിച്ചു. എറണാകുളം അഡി. ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി. എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായും മാറ്റി നിയമിച്ചു.