- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്നു; നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല? അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തണം; ഇത് ഇനിയും തുടരാൻ അനുവദിക്കില്ല; നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാക്കണം; താനൂർ ബോട്ട് ദുരന്തത്തിൽ കർശന നിലപാടുമായി ഹൈക്കോടതി; ചീഫ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരെയും എതിർ കക്ഷികളാക്കി കേസെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കർശന നിലപാടിൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരന്തവാർത്ത കേട്ട് ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നതായി കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
മഹാകവി കുമാരനാശാൻ പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മുങ്ങി മരിക്കുകയാണ് ഉണ്ടായത്. 1924ലാണ് ഈ സംഭവം. ഇപ്പോഴും അത്തരം അപകടങ്ങൾ ആവർത്തിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ഇനിയും തുടരാൻ അനുവദിക്കില്ല. സംസ്ഥാനത്ത് നൂറു കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്നും കോടതി നിർദ്ദേശം നൽകി.
നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകമെന്നും കോടതി പറഞ്ഞു. തുടർന്ന് ചീഫ് സെക്രട്ടറിയെയും ജില്ലാ പൊലീസ് മേധാവിയെയും താനൂർ നഗരസഭയെയും എതിർ കക്ഷികളാക്കി കേസെടുക്കാൻ നിർദ്ദേശം നൽകി. കൂടാതെ പോർട്ട് ഓഫീസർ ജില്ലാ കളക്ടർ തുടങ്ങിയവരും കേസിൽ എതിർകക്ഷികളാകും. കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഈ മാസം 12ന് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. അതേസമയം താനൂരിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെയും കോടതി അഭിനന്ദിച്ചു.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് ഒരു ഹർജി കേട്ട ശേഷം കോടതി ഇതേ വിഷയം വീണ്ടും പരിഗണിച്ചു. അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. എന്നാൽ, ഇത്തരമൊരു അപകടം കേരളത്തിൽ നടക്കുന്നത് ഇതാദ്യമല്ല. സമാനമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവത്തിന്റെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ആയിരിക്കും മാരിടൈം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കുക. ആവർത്തിച്ച്, ആവർത്തിച്ച് ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടാകുന്നു. അത് തടയുന്നതിനുള്ള യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. തുടങ്ങിയ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായത്. ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേക്ക് കടന്ന്, ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് പോകുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നത്.
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജല ഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും ഇത് സർക്കാർ അവഗണിച്ചുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തുകയുണ്ടായി.
ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ബോട്ടുകളുടെ ഫിറ്റ്നസ്സ് ഉൾപ്പടെ എല്ലാവർഷവും പരിശോധിക്കണം. ബോട്ടുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം എന്നത് അടക്കമുള്ള ശുപാർശകളാണ് നേരത്തം നാരായണ കുറിപ്പ് കമ്മീഷൻ പറഞ്ഞത്. ഈ വിഷയത്തിൽ ഇറക്കുന്ന സർക്കാരിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ഒരു സേഫ്റ്റി കമ്മീഷണർ വേണമെന്ന് താൻ നിർദ്ദേശം നൽകിയിരുന്നതായും ജസ്റ്റിസ് വ്യക്തമാക്കി.
ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തത് വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനൂരിലെ ബോട്ടിലേതിലെ പോലെ ഓവർലോഡാണ് കുമരകത്തും ദുരന്തതിന്റെ വ്യാപ്തി കൂട്ടിയത്. തുടർച്ചയായി പരിശോധനകൾ ഈ മേഖലയിൽ ആവശ്യമാണെന്നും റോഡിൽ ചെറിയ രൂപ മാറ്റം വരുത്തിയ വാഹനമിറക്കിയാൽ അപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എന്നാൽ ഇങ്ങനെയുള്ള ബോട്ടുകൾ വെള്ളത്തിൽ ഇറക്കാമെന്ന സ്ഥിതിയാണ്. ഒന്നും അറിയാത്ത ജനങ്ങൾ ഇതിന്റെ ദുരന്തം അനുഭവിക്കുന്നുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തുകയുണ്ടായി.
താനൂരിലെ ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. അതേസമയം സർക്കാറിനെതിരെ വിമർശനം ഉയരുമ്പോൾ പാർലമെന്റ് പാസാക്കിയ ഉൾനാടൻ ജലഗതാഗത നിയമത്തിനായുള്ള പ്രത്യേക ചട്ടങ്ങൾ സംസ്ഥാനത്ത് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന വാദമാണ് സർക്കാറിന്. പുതിയ ചട്ടങ്ങളും വിവിധ കമ്മിഷൻ നിർദ്ദേശങ്ങളും ഉൾപ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ