തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കഴക്കൂട്ടം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ തലസ്ഥാനത്തെ വിജിലൻസ് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ സംസ്ഥാന വിജിലൻസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്‌പെക്ടറായിരിക്കെ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ൽ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലൻസ് കൈക്കൂലി ട്രാപ്പു കേസിൽ പിടിയിലായ വി. ഷിബുകുമാറിനെ (47) ഏക പ്രതിയാക്കിയാണ് വിജിലൻസ് തലസ്ഥാന വിജിലൻസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്. 2014 ൽ കൈക്കൂലി ട്രാപ്പ് കേസിൽ പിടികൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താൽ 2021ൽ ലോ ആൻഡ് ഓഡർ സ്റ്റേഷൻ ചാർജ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഇതേ സർക്കിൾ ഇൻസ്‌പെക്ടർക്ക് നൽകുകയായിരുന്നു.

പ്രതി 2008 ജൂലൈ 1 മുതൽ 2015 ജൂൺ 6 വരെയുള്ള ചെക്ക് പിരിയഡിൽ (പരിശോധന കാലയളവ്) പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സബ് ഇൻസ്‌പെക്ടറായും സർക്കിൾ ഇൻസ്‌പെക്ടറായും പൊതുസേവകനായി പ്രവർത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിന്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകൾ ആർജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിന്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്.

തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹൻ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് എസ്‌പി. വി.എൻ. ശശിധരൻ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്‌പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബുകുമാറിനെ വിജിലൻസ് പിടികൂടാനൊരുങ്ങവേ കെണി വിജിലൻസിൽ നിന്നും ലീക്കായതിനെ തുടർന്ന് ഷിബുകുമാർ ഒളിവിൽ പോയി. ഷിബു കുമാർ പെൺ സുഹൃത്തിന് വെച്ചു നൽകിയ വീട്ടിൽ നിൽക്കവേയാണ് അറസ്റ്റ് വിവരം ചോർന്ന് കിട്ടിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് റിമാന്റിലായ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയിൽ വെച്ച് ഷിബു കുമാറിന്റെ സഹായിയായ ഇടനിലക്കാരനെ വിജിലൻസ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനിൽ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാൾ അന്വേഷിച്ച കേസുകൾ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.

2021 ൽ വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റിൻ ജോർജും പിതാവ് വർക്കിയുമായുണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള അടിപിടിയിൽ, വർക്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.

60 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ജസ്റ്റിൻ ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. തുടർന്ന് എല്ലാ ദിവസവും സ്‌റേഷനിൽ വിളിച്ചു ഇൻസ്പെക്ടർ ഷിബുകുമാർ ജസ്റ്റിനെ ബുദ്ധിമുട്ടിക്കുമായിരുന്നു. കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകാനും പിടിച്ചെടുത്ത വാഹനം വിട്ടുനൽകാനുമായി ഷിബുകുമാർ കാന്റീൻ നടത്തിപ്പുകാരനും ഇടനിലക്കാരനുമായ സുദീപ് ജോസ് മുഖേന ഒരു ലക്ഷം രൂപ ജസ്റ്റിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിൻ വിവരം വിജിലൻസിനെ അറിയിച്ചു. കോട്ടയം വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, ആദ്യ ഗഡുവായ 50,000 രൂപയുടെ ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണം ഷിബുകുമാറിന്റെ ക്വാർട്ടേഴ്‌സിൽ വച്ച് കൈപ്പറ്റുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു. കോട്ടയം വിജിലൻസ് പൊലീസ് ഡിവൈ.എസ്‌പിമാരായ ജി. രവീന്ദ്രനാഥ്, വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്, സ്?റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ എന്നിവരാണ് കെണിയൊരുക്കിയത്.