- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീസ്റ്റ സെതൽവാദിന് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ ഗുരുതരമല്ല; കേസിൽ രണ്ടുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകുക? ജാമ്യം നിഷേധിക്കാൻ ഒരു കാരണവും ഇല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന് എതിരായി ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്ന് സുപ്രീം കോടതി. കേസിൽ രണ്ടു മാസമായി ടീസ്റ്റയെ കസ്റ്റഡിയിൽ വച്ചിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടെന്നു കോടതി ചോദിച്ചു. എഫ്ഐആറിലുള്ളത് സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമാണ്. ജാമ്യം നൽകുന്നതിനു തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്ഐആറിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നൽകിയെങ്കിലും നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്റ്റ സെതൽവാദിന് കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടീസ് നൽകുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവർത്തന രീതിയെന്നും സുപ്രീംകോടതി ചോദിച്ചു.
ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുമെന്നു സൂചന നൽകിയ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച്, ടീസ്റ്റയുടെ ജാമ്യ ഹർജിയിൽ നാളെയും വാദം കേൾക്കും. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിലാണു ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് മുംബൈയിൽവച്ച് രണ്ടു മാസം മുൻപ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എൻജിഒ, ബിജെപി അംഗങ്ങൾക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതി സമർപ്പിച്ചിരുന്നതായും അമിത് ഷാ ആരോപിച്ചു. ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ സുപ്രീംകോടതി ടീസ്റ്റ സെതൽവാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണു ഗുജറാത്ത് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ