തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി കല്ലു കെട്ടി കിണറ്റിൽ തള്ളി തെളിവു നശിപ്പിച്ച മനോരമ കൊലക്കേസിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി റഹ്മാൻ മകൻ ആദം അലി (21) ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഓഗസ്റ്റ് 8 ന് ചെന്നൈയിൽ നിന്ന അറസ്റ്റ് ചെയ്യപ്പെട്ട് 10 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിക്കാണ് എ സി ജെ എം ഷിബു ഡാനിയേൽ ജാമ്യം നിരസിച്ചത്.

മെഡിക്കൽ കോളേജ് പൊലീസ് റിപ്പോർട്ട് പ്രകാരം പ്രഥമദൃഷ്ട്യാ കേസുള്ളതിനാലും പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വസ്തുതകൾ കേസ് റെക്കോഡിൽ ഉള്ളതിനാലും കൊലപാതകം ജാമ്യമില്ലാ വകുപ്പായതിനാലും കൊലപാതകക്കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലുമാണ് കമ്മിറ്റൽ കോടതി ജാമ്യഹർജി തള്ളിയത്.

ഓഗസ്റ്റ് 7 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂരപാതകം നടന്നത്. വീട്ടമ്മയുടെ അയൽപക്കത്തുള്ള വാടക വീട്ടിൽ 5 അന്യ സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളികളോടൊപ്പം താമസിക്കുകയായിരുന്നു അലി. കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ അനുവദിച്ചിരുന്നു. കേശവദാസപുരം മോസ്‌ക് ലെയിൻ രക്ഷാപുരി റോഡ് മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് (68) സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യൂക്കേഷൻ വകുപ്പിൽ നിന്ന് വിരമിച്ചവരാണ്. വർക്കലയിലെ മകളെ കാണാൻ ദിനരാജ് പോയപ്പോഴായിരുന്നു കൊലപാതകം. ശരീരത്തിലണിഞ്ഞിരുന്ന 7 പവൻ സ്വർണ്ണവും പണവും മോഷണം പോയെന്ന് കരുതിയെങ്കിലും അവ ഭദ്രമായി വീട്ടിനുള്ളിൽ തന്നെ മനോരമ സൂക്ഷിച്ചിരുന്നത് പിന്നീട് കണ്ടെടുത്തു. മനോരമയെ കത്തി കൊണ്ട് കഴുത്തറുത്തും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പബ്ജി ഗെയിമിനടിമയായി സ്ഥിരമായി ക്ഷിപ്ര കോപ പ്രകൃതക്കാരനായിരുന്നു അലി.കൊലയ്ക്ക് രണ്ടു നാൾ മുമ്പ് പബ്ജി കളിയിൽ തോറ്റതിൽ വച്ച് ക്ഷിപ്ര കോപിയായ ആദം അലി സ്വന്തം മൊബൈൽ ഫോൺ അടിച്ചു പൊട്ടിച്ചിരുന്നു. അയൽവാസിയായ വീട്ടമ്മയെ തല്ലിയെന്നും സിം തമ്പാനൂർ എത്തിക്കണമെന്നും കൂട്ടുകാരനോട് നിർദേശിച്ച പ്രകാരം സുഹൃത്ത് സിം കാർഡുമായി എത്തിയപ്പോഴേക്കും അലി ട്രെയിനിൽ കയറിയിരുന്നു. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വഴി ചെന്നൈക്ക് കടക്കുകയായിരുന്നു. 8-ാം തീയതി തിങ്കളാഴ്ച തമിഴ്‌നാട് പൊലീസ് തടഞ്ഞുവെച്ച് കേരളാ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.