- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഗ സ്‌ക്രെമേന കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസ്; ഒന്നാം പ്രതി ഉമേഷിന് എതിരെ കുറ്റപത്രം; സമർപ്പിച്ചത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ
തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ യുവതി ലിഗ സ്‌ക്രെമേന കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ ഒന്നാം പ്രതി ഉമേഷിനെ ഏക പ്രതിയാക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികൾ.
ലാത്വിയൻ യുവതിയുടെ മൃതദേഹം കിടന്ന മീൻ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീർനായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് സാക്ഷി മൊഴി നൽകിയത്. തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടിൽ ചീലാന്തിക്കാട്ടിന് സമീപം മീൻ പിടിക്കാൻ പോയ കാര്യമോ തന്റെ പേരോ പൊലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നൽകി.
പ്രതികളുടെ സുഹൃത്തും കാറ്ററിങ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളിൽ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായ തിരുവല്ലം പാച്ചല്ലൂർ സ്വദേശി സൂരജാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നൽകിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നൽകി. പ്രതിയെ ഭയന്നാണ് വിവരം പൊലീസിൽ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നൽകിയിരുന്നു.
രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാർച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിങ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നൽകി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോൾ കാണിച്ചത് തങ്ങൾ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യ മൊഴികളാണെന്നും അതിൽ കാണുന്ന ഒപ്പും വിരൽ പതിപ്പും തങ്ങളുടേതാണെന്നും കോടതിയിൽ മൊഴി നൽകി. രഹസ്യമൊഴികൾ പ്രോസിക്യൂഷൻ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു.കോടതിയിൽ സന്നിഹിതയായിരുന്ന ലിഗയുടെ സഹോദരി ഇൽസ സാക്ഷിമൊഴി കേട്ട് സ്തബ്ദയായി ഇരുന്നു.
വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്.