- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരിയായ യുവതി ഹണിട്രാപ് സ്വഭാവക്കാരി; ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ വാങ്ങി തട്ടിയെടുത്തു; നിരവധി കേസുകളിൽ പ്രതി; തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജപരാതിയെന്ന് എൽദോസ് കുന്നപ്പിള്ളി; മുൻകൂർ ജാമ്യ ഹർജി 15 ന് പരിഗണിക്കും
തിരുവനന്തപുരം: ആലുവ സ്വദേശിനിയായ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഒക്ടോബർ 15 ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കാനും പ്രതിയും സർക്കാരും വാദം ബോധിപ്പിക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ജാമ്യഹർജി വാദം കേട്ട് തീർപ്പു കൽപ്പിക്കാനായി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു. 15 ന് ഏഴാം അഡീ. ജില്ലാ ജഡ്ജി പ്രസുൻ മോഹൻ മുമ്പാകെ ഹർജി പരിഗണിക്കും.
താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ യുവതി വാങ്ങി തട്ടിയെടുത്തു. തിരികെ ആവശ്യപ്പെട്ടിട്ടും തന്നിട്ടില്ല. ഹണി ട്രാപ്പ് സ്വഭാവക്കാരിയാണ് യുവതി. യുവതി 3 ലേറെ പ്രാവശ്യം വിവാഹിതയും 30 ഓളം കേസുകൾ വാദിയായും പ്രതിയായും സംസ്ഥാനത്തുടനീളം നിലവിലുണ്ട്. താൻ യുവതിയെ തട്ടിക്കൊണ്ടു പോകുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ വ്യാജ പരാതിയിൽ എടുത്ത കേസിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് മാനസിക ശാരീരിക പീഡനങ്ങൾ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. കോടതി കൽപ്പിക്കുന്ന എന്തു ജാമ്യവ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. അതിനാൽ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നാണ് മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം.
സെപ്റ്റംബർ മാസം 14 ന് തട്ടിക്കൊണ്ടു പോകൽ നടന്നുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടു പേരെക്കൂടി പ്രതിചേർത്തിട്ടുണ്ട്.
അതേ സമയം അദ്ധ്യാപികയെ കാണാതായതിന് രജിസ്റ്റർ ചെയ്ത വുമൺ മിസ്സിങ് കേസിൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് അദ്ധ്യാപികയുടെ മർദ്ദന പൊലീസ് പരാതിയിലില്ലാത്ത പീഡന ആരോപണ സംഭവങ്ങൾ വിവരിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്തുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി നൽകിയത്. പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെയാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. പൊലീസിന് നൽകിയതിനെക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലുള്ളത്. എംഎൽഎ പലസ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനിടെ സെപ്റ്റംബർ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 10 ന് കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്‌ടേറ്റിന് നൽകിയ മൊഴിയിൽ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎൽഎ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചെന്നും കേസ് ഒത്ത് തീർപ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നൽകാൻ എസ് എച്ച് ഒ ആവശ്യപ്പെട്ടു. എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ടി ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. തൽ സമയത്താണ് യുവതിയുടെ സുഹൃത്ത് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന പരാതി നൽകിയത്.