തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ വിദേശത്തുള്ള ദൃക്‌സാക്ഷികൾ വീഡിയോ കോൺഫറൻസിലൂടെ പ്രതികളെയും ആയുധങ്ങളെയും തിരിച്ചറിഞ്ഞു. ജുഡീഷ്യൽ കമ്മീഷനായി നിയമിക്കപ്പെട്ട തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ മജിസ്ട്രേട്ട് എ. അനീസ മുമ്പാകെയാണ് പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. മൂന്നും നാലും സാക്ഷികളും യു എസ് എ യിൽ സ്ഥിരതാമസക്കാരുമായ പി.സി.മാത്യു, സഞ്ജു മാത്യു എന്നിവരെയാണ് വിസ്തരിച്ചത്

സാക്ഷികൾ അമേരിക്കയിലെ ഷിക്കാഗോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികൾ വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടിൽ നിന്നുമാണ് വിചാരണയിൽ പങ്കെടുത്തത്. വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കമ്മീഷൻ വിസ്താരം നടത്താൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. വിദേശത്തുള്ള സാക്ഷികൾ സമീപ ഭാവിയിലൊന്നും നാട്ടിലെത്തില്ലെന്ന് മ്യൂസിയം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് സാക്ഷി വിസ്താരത്തിന് മജിസ്‌ട്രേട്ട് കമ്മീഷനെ നിയോഗിച്ചത്. പ്രോസിക്യൂഷന് പ്രസക്തവും അവശ്യവുമായ . പ്രതികളുടെ വെട്ടേറ്റ് ഫ്രാൻസിസ് ഓടിക്കയറിയത് ഇവരുടെ വീട്ടിലാണ്.

ഇവരുടെ കൺമുന്നിലിട്ട് വീണ്ടും മരണം ഉറപ്പാക്കുകയായിരുന്നു. ദൃക്‌സാക്ഷികളായ വീട്ടുകാരുടെ വായ് മൊഴി തെളിവ് , പ്രതികളുടെ തിരിച്ചറിഞ്ഞ് മൊഴി നൽകൽ എന്നിവ അത്യന്താപേക്ഷിതമാകയാൽ ഇവരെ ഒഴിവാക്കാനാവില്ലന്നും വിസ്തരിക്കണമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ചാണ് മുൻ ജഡ്ജി എൽ. ജയവന്ദ് ഉത്തരവിട്ടത്.