തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്റെയും, വഫ ഫിറോസിന്റെയും വിടുതൽ ഹർജികളിൽ 19ന് ഉത്തരവ് പറയും തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. ഹർജിയിൽ വാദം പൂർത്തിയായി.

ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ആരും വഫയ്‌ക്കെതിരെ മൊഴി നൽകിയിട്ടില്ല. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്‌ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. സംഭവം മോട്ടോർ വാഹന നിയമത്തിന്റെ കീഴിൽ വരുന്നതാണെന്നും വഫ ഉന്നയിച്ചു. സഹയാത്രിക മാത്രമായ തനിക്ക് മേൽ പ്രേരണ കുറ്റം ചുമത്തരുതെന്നായിരുന്നു വഫയുടെ വാദം.

കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ.എം ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല, ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല, മദ്യപിച്ചതിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു.

എഫ് ഐആറിൽ താൻ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചു. രക്തസാമ്പിൾ എടുക്കാൻ താൻ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പൊലീസാണ്. ശ്രീറാമിനെ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മാത്രമാണ് പൊലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി Dr. രാകേഷ് തമ്പിയുടെ മൊഴിയുണ്ട്. രക്തസാമ്പിൾ എടുക്കാനോ മറ്റു പരിശോധന നടത്താനോ പൊലീസ് കത്തിൽ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് രക്തസാമ്പിൾ പരിശോധിച്ച കെമിക്കൽ അനാലിസ് ലാബ് രക്തത്തിൽ ഈതൈൽ ആൽക്കഹോൾ ഇല്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ 201( തെളിവു നശിപ്പിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) കുറ്റം നിലനിൽക്കില്ലെന്നും ശ്രീറാം ബോധിപ്പിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ഡ്രൈവിങ് സീറ്റിൽ വഫയായിരുന്നെന്ന് സർക്കാർ മറുവാദം ഉന്നയിച്ചു. പിന്നീടാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. ഉടൻ രക്ത സാമ്പിളെടുത്തെങ്കിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്നും വാദിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികൾ വിവരിച്ച് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സാക്ഷിമൊഴികൾ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു.

അതേ സമയം തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയിൽ ഇന്ന് പ്രാരംഭ വാദം കേട്ടു. മദ്യപിച്ചു വാഹനമോടിച്ചാൽ മറ്റുള്ളവർക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാൽ താൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് ശ്രീറാം സമർപ്പിച്ച ഹർജിയിൽ ബോധിപ്പിച്ചു. മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം) നിലനിൽക്കണമെങ്കിൽ നിയമത്തിൽ പറയുന്നത് 100 മി.ലി. രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നാണ്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ തന്റെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ബോധിപ്പിച്ചു. 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു. സർക്കാരിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബർ 14 ന് കേൾക്കാമെന്ന് ജഡ്ജി കെ. സനിൽകുമാർ ഉത്തരവായി.