തിരുവനന്തപുരം: കെ. എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ. എ. എസ്. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ശ്രീറാമിന്റെയും വഫയുടെയും വിടുതൽ ഹർജികളിൽ വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.സനിൽകുമാർ ബുധനാഴ്ച് ഉത്തരവ് പറയും. കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതൽ ഹർജികളിൽ ഇരുവരുടെയും ആവശ്യം.

എഫ് ഐആറിൽ താൻ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചിരുന്നു. രക്തസാമ്പിൾ എടുക്കാൻ താൻ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പൊലീസാണ്. ശ്രീറാമിനെ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മാത്രമാണ് പൊലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി ഉൃ. രാകേഷ് തമ്പിയുടെ മൊഴിയുണ്ട്. രക്തസാമ്പിൾ എടുക്കാനോ മറ്റു പരിശോധന നടത്താനോ പൊലീസ് കത്തിൽ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർ. പിന്നീട് രക്തസാമ്പിൾ പരിശോധിച്ച കെമിക്കൽ അനാലിസ് ലാബ് രക്തത്തിൽ ഈ തൈൽ ആൽക്കഹോൾ ഇല്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ 201( തെളിവു നശിപ്പിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) കുറ്റം നിലനിൽക്കില്ലെന്നും ശ്രീറാം ബോധിപ്പിച്ചു. വാഹന സ്പീഡ് മണിക്കൂറിൽ 50 കി.മി. നു മേൽ വേഗതയിലെന്നു മാത്രമാണ് വോക്‌സ് വാഗൺ കാർ കമ്പനിയിലെ മെക്കാനിക്കൽ ഡിപ്ലോമക്കാരനായ ടെക്‌നീഷ്യൻ റിപ്പോർട്ട്.

പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ഡ്രൈവിങ് സീറ്റിൽ വഫയായിരുന്നെന്ന് സർക്കാർ മറുവാദം ഉന്നയിച്ചു. പിന്നീടാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. ഉടൻ രക്ത സാമ്പിളെടുത്തെങ്കിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സർക്കാർ പറഞ്ഞു. ആശുപത്രി സ്റ്റാഫും ഡോക്ടർമാരും ആശുപത്രിയിൽ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികൾ വിവരിച്ച് സാക്ഷിമൊഴികൾ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു.കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് 8 മണിക്കൂർ വരെ രക്തത്തിൽ മദ്യത്തിന്റെ അംശം നിലനിൽക്കുകയുള്ളുവെന്ന് വിദഗ്ദ്ധ ഡോക്ടർ ഉമാദത്തൻ തന്റെ പുസ്തകത്തിൽ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്.

304 (2) നരഹത്യ നില നിൽക്കാൻ മദ്യപിച്ചു വാഹനമോടിച്ചാൽ അപകടമുണ്ടായി മറ്റുള്ളവർക്ക് മരണം സംഭവിക്കുമെന്ന അറിവു മാത്രം മതി.ശ്രിറാം രക്തസാമ്പിളെടുക്കാൻ ആദ്യം ഡോക്ടർക്ക് സമ്മതം നൽകിയില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടർ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു.

മദ്യപിച്ചു വാഹനമോടിച്ചാൽ മറ്റുള്ളവർക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാൽ താൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് ശ്രീറാം സമർപ്പിച്ച ഹർജിയിൽ ബോധിപ്പിച്ചു. മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം) നിലനിൽക്കണമെങ്കിൽ നിയമത്തിൽ പറയുന്നത് 100 മി.ലി. രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നാണ്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ തന്റെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ബോധിപ്പിച്ചു. 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു.

പേരൂർക്കട സ്വദേശിനിയും പ്രവാസിയുമായ വഫ സമർപ്പിച്ച വിടുതൽ ഹർജിയുടെ വാദവേളയിൽ ബോധിപ്പിച്ചത് ഇപ്രകാരമണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ 84 റെക്കോർഡുകൾ , 72 തൊണ്ടിമുതലുകൾ , 100 സാക്ഷികൾ , 5 രഹസ്യ മൊഴികൾ എന്നിവയിലൊന്നും വഫ ശ്രീ റാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതായി ഒരു സാക്ഷിയും മൊഴി നൽകിയിട്ടില്ല. വെറും സഹയാത്രികയായ യുവതിക്കു മേൽ പ്രേരണ കുറ്റമായ മോട്ടോർ വാഹന നിയമ വകുപ്പ്188 നിലനിൽക്കില്ലെന്നും വഫ ബോധിപ്പിച്ചു.

താൻ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നൽകാനായി പോകുക മാത്രമാണ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കാൻ താൻ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നത്. തൽസമയം എസ് ഐ അല്ലാതെ സ്വതന്ത്ര സാക്ഷികൾ ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകട കൃത്യത്തിന് ശേഷം കൃത്യവാഹനത്തിൽ തന്റെ സാന്നിദ്ധ്യം കാറിനുള്ളിൽ ഉണ്ടായിരുന്നതായി മാത്രമാണ് 3 കൃത്യ സ്ഥല ദൃക്‌സാക്ഷിയുടെ സാക്ഷിമൊഴികളായി ഹാജരാക്കിയിട്ടുള്ളത്. ആകയാൽ തന്നെ കുറ്റവിമുക്തയാക്കി വിചാരണ കൂടാതെ വിട്ടയക്കണമെന്നും ബോധിപ്പിച്ചു.

അതേ സമയം ശ്രീറാമിനെ തടയാതെ ഡ്രൈവിങ് സീറ്റ് നൽകി മന:പ്പൂർവ്വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിയായും ഗൂഢാലോചന നടത്തിയും പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവു നശിപ്പിക്കൽ കുറ്റവും നിലനിൽക്കുമെന്ന് സർക്കാർ ബോധിപ്പിച്ചിരുന്നു. തൽസമയം കൃത്യവാഹനത്തിന്റെ ആർ.സി ഓണർ ആരെന്ന് കോടതി ചോദിച്ചു. വഫയെന്ന് സർക്കാർ ബോധിപ്പിച്ചു. പ്രതികൾ കൂലിപ്പണിക്കാരല്ലെന്നും സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണെന്നും മദ്യപിച്ച് വാഹനമോടിച്ചാലുള്ള പ്രത്യാഘാതം അറിയാവുന്നവരാണെന്നും ബോധിപ്പിച്ചു.

കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ ഏപ്രിലിൽ സെഷൻസ് കോടതി ഉത്തരവിട്ടവേളയിലാണ് പ്രോസിക്യൂഷന് പകർപ്പ് നല്കാതെയുള്ള വഫയുടെ വിടുതൽ ഹർജിയെത്തിയത്. കുറ്റപത്രത്തിൽ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികൾ കോടതി അന്ത്യശാസനം നൽകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹർജി ഫയൽ ചെയ്തത്. ബഷീർ കൊല്ലപ്പെട്ട് ഓഗസ്റ്റ് 2 ന് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികൾ തുടങ്ങിയത്. 2020 ഫെബ്രുവരി മാസം 3 നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.