തിരുവനന്തപുരം: ആലുവ സ്വദേശിനിയും തലസ്ഥാന സ്‌കൂൾ അദ്ധ്യാപികയെ സത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ മുൻ കൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി നാളെ ഉത്തരവ് പറയില്ല. തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്നാവശ്യപ്പെട്ട് അദ്ധ്യാപിക തടസ ഹർജി നൽകിയതിനാലാണിത്. ജാമ്യം അനുവദിക്കരുതെന്നും തനിക്ക് സാരമായ തർക്കമുള്ളതും തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജി ജഡ്ജി പ്രസുൻ മോഹൻ പരിഗണിക്കും.

അതേ സമയം സൂയിസൈഡ് പോയിന്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴിയിൽ വധശ്രമത്തിന് വകുപ്പ് 307 ചുമത്തി പൊലീസ് അഡീഷണൽ റിപ്പോർട്ടും 17 ന് കോടതിയിൽ സമർപ്പിച്ചു. പെൺ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിൻവലിക്കാൻ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഡന ആരോപണ മൊഴിയിൽ ക്രൈം ബ്രാഞ്ച് പീഡനത്തിന് അഡീഷണൽ റിപ്പോർട്ട് കൊടുത്ത കേസിലും പേട്ടയിലെ വീട്ടിൽ അതിക്രമിച്ചു കടന്ന് അദ്ധ്യാപികയുടെ തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് മർദിച്ച കോവളം മാനഭംഗക്കേസിലും പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ മുൻകൂർ ജാമ്യഹർജിയിൽ 20 ന് ഉത്തരവ് പറയാനിരിക്കെയാണ് തടസ്സ ഹർജി എത്തിയത്.തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ കോടതി ജഡ്ജി പ്രസുൻ മോഹനാണ് ഹർജി പരിഗണിച്ചത്.

വാദത്തിനിടെ മിസിങ് കേസിൽ മജിസ്‌ട്രേട്ടിന് നൽകിയ യുവതിയുടെ മൊഴി മുദ്ര വച്ച കവറിൽ ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് നിർദ്ദേശം നൽകിയ പ്രകാരം മജിസ്‌ട്രേട്ട് ഹാജരാക്കി.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്തുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി നൽകിയത്. പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെയാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. പൊലീസിന് നൽകിയതിനെക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലുള്ളത്. എംഎൽഎ പലസ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനിടെ സെപ്റ്റംബർ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 10 ന് കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്‌ടേറ്റിന് നൽകിയ മൊഴിയിൽ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎൽഎ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചെന്നും കേസ് ഒത്ത് തീർപ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നൽകാൻ എസ് എച്ച് ഒ ആവശ്യപ്പെട്ടു. എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ടി ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. തൽ സമയത്താണ് യുവതിയുടെ സുഹൃത്ത് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന പരാതി നൽകിയത്.