തിരുവനന്തപുരം: തലസ്ഥാനത്ത് സ്വർണ്ണക്കവർച്ചാ തൊണ്ടി റിക്കവറി (വീണ്ടെടുക്കൽ) തെളിവെടുപ്പിന് കൊണ്ടു വന്ന ബംഗ്‌ളുരു മോഷണക്കേസ് പ്രതി കർണ്ണാടക പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കേസിൽ പ്രതി വലിയതുറ സ്വദേശി വിനോദിനെതിരെ സിറ്റി തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353 (പൊതുസേവകൻ തന്റെ കർത്തവ്യത്തിൽ നിന്ന് ഭയന്ന് പിന്തിരിയുവാൻ വേണ്ടി കൈയേറ്റവും ബലപ്രയോഗവും നടത്തൽ) , 225 (ബി) ( നിയമാനുസൃതം പിടികൂടുന്നതിനെ ചെറുക്കുകയും തടസ്സപ്പെടുത്തുകയും രക്ഷപ്പെടുകയും ചെയ്യൽ) , 324 ( ആയുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കുറ്റപത്രത്തിൽ പൊലീസ് ആരോപിച്ചിട്ടുള്ളത്.

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട തമ്പാനൂർ ക്രൈം കേസിൽ 2022 ജൂൺ 30 മുതൽ റിമാന്റിലായിരുന്നു പ്രതി. കർണ്ണാടക കോടതിയിൽ നിലവിലുള്ള ഭവന ഭേദന കവർച്ചാ കേസിൽ 200 ഗ്രാം സ്വർണ്ണ തെളിവെടുപ്പിന് കൊണ്ടുവന്ന് തമ്പാനൂർ ലോഡ്ജിൽ തങ്ങവേയാണ് കസ്റ്റഡി ചാടിപ്പോയത്. കർണ്ണാടക പൊലീസ് വ്യാജ എൻകൗണ്ടറിൽ കൊലപ്പെടുത്തുമെന്ന് ഭയന്നാണ് കസ്റ്റഡി ചാടിപ്പോയതെന്നായിരുന്നു പ്രതിയുടെ വാദം.

2022 ജൂൺ 29 രാവിലെ 8 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കർണ്ണാടക ഹെന്നൂർ പൊലീസ് തൊണ്ടി റിക്കവറി തെളിവെടുപ്പിന് കൊണ്ടു വന്ന പ്രതി തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജിൽ നിന്ന് ഓടിപ്പോയെന്നാണ് കേസ്. ബംഗ്‌ളുരുവിൽ ഭവനഭേദനം നടത്തി വീടു കുത്തിത്തുറന്ന് 200 ഗ്രാം (25 പവൻ) സ്വർണം മോഷ്ടിച്ച കേസിൽ വിനോദ് ജൂൺ 27 ന് അറസ്റ്റിലായിരുന്നു. സ്വർണം തിരുവനന്തപുരത്തെ ജൂവലറിയിൽ വിറ്റെന്ന കുറ്റസമ്മത മൊഴി പ്രകാരം ബെംഗ്‌ളുരു ഹെന്നൂർ മജിസ്‌ട്രേട്ട് കോടതി പ്രതിയെ തൊണ്ടി മുതൽ വീണ്ടെടുക്കാനായി ഹെന്നൂർ എസ്‌ഐ അടങ്ങുന്ന അഞ്ചംഗ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു നൽകി.

29 ന് പുലർച്ചെ ഹെന്നൂർ പൊലീസ് തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്തു. രാവിലെ 8 ന് കടന്നു കളഞ്ഞപ്പോൾ വെളുത്ത ടീ ഷർട്ടും ഓറഞ്ച് നിറത്തിലുള്ള ബർമുഡയുമാണ് ധരിച്ചിരുന്നത്. പുറത്ത് കടന്ന ഇയാൾ മോഡൽ സ്‌കൂൾ ജംഗ്ഷൻ ഭാഗത്തേക്ക് ഓടുന്ന സി സി ടി വി ദ്യശ്യങ്ങളും കർണ്ണാടക പൊലീസ് കൊല്ലുമെന്ന ഭീതിയിലാണ് രക്ഷപ്പെട്ടതെന്നും ഇയാൾ അഭിഭാഷകനോട് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നിരുന്നു.

കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കവേ ജൂലൈ 1 രാത്രി 7 മണിയോടെ അമ്മയോടൊപ്പം എത്തി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിനോദിനെ പിടികൂടാനായി കർണ്ണാടകയിൽ നിന്നും 4 പൊലീസുകാർ കൂടി എത്തിയിരുന്നു. ഇയാളുടെ ബന്ധു വീടുകളിലും പരിചയക്കാരുടെ വീടുകളിലും കേരള - കർണ്ണാടക പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.