- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7.45 ലക്ഷം രൂപയുടെ ഓൺലൈൻ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ്; സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുമായി ഒത്തുകളിച്ചു; കോടതിയുടെ രൂക്ഷ വിമർശനം; മുഖ്യ പ്രതി ബിക്കി ദാസിന് ജാമ്യം
തിരുവനന്തപുരം: ഓൺലൈൻ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പിലൂടെ 7,45,400 രൂപ തട്ടിയ കേസിൽ സൈബർ ക്രൈം പൊലീസുദ്യോഗസ്ഥർക്ക് തലസ്ഥാന സി ജെ എം കോടതിയുടെ രൂക്ഷ വിമർശനം. തട്ടിപ്പു സംഘത്തിലെ മുഖ്യ പ്രതി പശ്ചിമ ബംഗാൾ സ്വദേശി ബിക്കി ദാസിന് സൈബർ ക്രൈം പൊലീസുദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖയുടേതാണുത്തരവ്. സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുമായി ഒത്തുകളിച്ച് കോടതിയിൽ പ്രതിക്കനുകൂലമായി നിലപാടെടുത്തതിനാലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സൈബർ ക്രൈം പൊലീസ് കോടതിയുടെ രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങിയത്.
7,45,400 രൂപ തട്ടിയ സംഘത്തിലെ മുഖ്യ പ്രതി ബിക്കി ദാസിനാണ് ജാമ്യം നൽകിയത്. 7.45 ലക്ഷത്തിന്റെ തട്ടിപ്പ് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫറിലൂടെ നടന്നിട്ടും സൈബർ സെൽ കണ്ടെത്തിയത് (കോടതിയിൽ ഹാജരാക്കിയത്) വെറും 1 ലക്ഷം രൂപയുടെ അക്കൗണ്ട് ട്രാൻസ്ഫർ മാത്രമാണെന്ന് ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. വഞ്ചിച്ചെടുത്ത ബാക്കി 6.45 ലക്ഷത്തിന്റെ രേഖകൾ സൈബർ പൊലീസ് കോടതിയിൽ നിന്ന് മറച്ചു വെച്ചതായി ജാമ്യ ഉത്തരവിൽ കോടതിയുടെ നിരീക്ഷണമുണ്ട്. പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡി നൽകിയിട്ടും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയോ യാതൊരു തുകയും വീണ്ടെടുക്കുകയോ ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാദിയിൽ നിന്നും ചതിച്ചെടുത്ത 7.45 ലക്ഷം രൂപ വീണ്ടെടുക്കാനും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനും പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ അനുവദിച്ചാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും അവ പാലിക്കാത്തത് ഗുരുതരമായ കൃത്യ വിലോപമാണെന്നും വ്യക്തമാക്കിയ കോടതി സൈബർ പൊലീസിനെ രൂക്ഷമായി ശാസിച്ചു. കസ്റ്റഡി വാങ്ങുന്നത് പൊലീസിന്റെ കീശ വീർപ്പിക്കാനാണെന്ന ആരോപണം ശക്തമാക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. വാദിക്ക് തിര്യെ കിട്ടേണ്ട തൊണ്ടിപ്പണം സൈബർ ക്രൈം പൊലീസ് വീതിച്ചെടുക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
റിക്കവറിയുടെ മറവിൽ പ്രതികളെ കസ്റ്റഡി വാങ്ങി സൈബർ സെൽ പ്രതികളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കി കേസുകൾ അട്ടിമറിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. കേസ് ശിക്ഷയിൽ കലാശിച്ചാലും വെറുതെ വിട്ടാലും ഉദ്യോഗസ്ഥർക്ക് നഷ്ടപ്പെടാനില്ല നഷ്ടം പരാതിക്കാർക്ക് മാത്രമാണ്. പശ്ചിമ ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ രാജർഹട്ട് ചൻഡിബേരിയ സ്വദേശി ബിക്കി ദാസ് (22) എന്ന കൗമാരക്കാരനാണ് പൊലീസ് ഒത്തു കളിയിൽ ജാമ്യം ലഭിച്ചത്. ഇയാൾ ഒക്ടോബർ 17 മുതൽ റിമാന്റിലാണ്. റൂറൽ സൈബർ ക്രൈം പൊലീസിന് പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിലും വിട്ടു നൽകിയിരുന്നു.
സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകൾ ജനങ്ങൾക്ക് രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും ആഡംബര കാർ , വൻ തുകകൾ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് സർവീസ് ടാക്‌സ്, രജിസ്‌ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി എസ് ടി ഇൻഷുറൻസ് തുടങ്ങിയവയ്ക്കു വേണ്ടിയെന്ന് പറഞ്ഞാണ് പണം തട്ടുന്നത്. ഉപഭോക്താക്കളുടെ പേരും വിലാസവും നാപ്‌ടോൾ തുടങ്ങിയ ഓൺലൈനടക്കമുള്ള പാഴ്‌സൽ സർവീസ് കമ്പനികളിൽനിന്ന് ശേഖരിച്ചായിരുന്നു കബളിപ്പിക്കൽ. ഉപഭോക്താക്കളുടെ വിലാസത്തിലേക്ക് സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകൾ, രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ , വൻ തുകകൾ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയുമായിരുന്നു.
സമ്മാനം ലഭിക്കാൻ കാർഡിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശിക്കും. വിളിക്കുന്നവരോട് സർവീസ് ടാക്‌സ്, രജിസ്‌ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി എസ് ടി ഇൻഷുറൻസ് തുടങ്ങിയവയ്ക്കു വേണ്ടി എന്ന് പറഞ്ഞാണ് പണം തട്ടുന്നത്. വില കൂടിയ കാറുകൾ ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പ്രോസസ് തുടങ്ങിയ ചാർജെന്ന വ്യാജേന പലതവണയായി 7,45,400 രൂപ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്.
സമാന തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കർണാടക, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിലും കേസുകൾ നിലവിലുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആണ് പ്രതി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചത്. ഇയാളുടെ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.