തിരുവനന്തപുരം: ആക്കുളത്ത് 74 ഗ്രാം മാരക എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടിയ കേസിൽ യുവതിയടക്കം നാലു പേർക്കെതിരെ ശ്രീകാര്യം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആക്കുളത്ത് വാടക വീട്ടിൽ 74 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം സൂക്ഷിച്ചുവെന്നാണ് കേസ്.

തലശ്ശേരി വിളക്കോടൻ ഹൗസിൽ അഷ്‌കർ (40 ആക്കുളം ഷാസ് വീട്ടിൽ മുഹമ്മദ് ഷാരോൺ (27) , കോഴിക്കോട് കണിയാറക്കണ്ടിൽ ഹൗസിൽ ഫഹദ് അലി, ആറ്റിങ്ങൽ മണനാക്ക് ചന്തവിള വീട്ടിൽ സീന (27) എന്നിവരാണ് 1 മുതൽ 4 വരെയുള്ള പ്രതികൾ. 2022 ജൂലൈ 31നാണ് ഇവർ ഒരു കാറും ബൈക്കും സഹിതം കസ്റ്റഡിയിലായത്. ആക്കുളം പെട്രോൾ പമ്പിനെതിർവശത്ത് റോഡരികിലെ വീട്ടിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചത്. അഷ്‌കർ സംഭവത്തിന് ഒരു മാസം മുമ്പു വരെ അല്പം അകലെ വേറൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാൾക്ക് മയക്കുമരുന്നു കച്ചവടവുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടർന്ന് പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ താമസം മാറ്റുകയായിരുന്നു. അഷ്‌കറും ഭാര്യയുംകൂടിയാണ് ആക്കുളം പമ്പിനടുത്തുള്ള വീട് വാടകയ്ക്കെടുത്തത്. പിന്നീട് ഭാര്യ നാട്ടിലേക്കു പോയി.

കൺട്രോൾ റൂമിൽ കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അഷ്‌കറും മറ്റു മൂന്നു പേരുമാണ് വീട്ടിലുണ്ടായിരുന്നത്. 1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം എംഡിഎം എ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതൽ വാണിജ്യ അളവുമാണ്

അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തിൽ പറയുന്നത്. 0.5 ഗ്രാം അളവ് കൈവശം വച്ചാൽ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. 0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റർമീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാൽ 22 (ബി) പ്രകാരം10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 10 ഗ്രാമിന് മേൽ കൈവശം വച്ചാൽ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.