- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ മർദ്ദന- സ്ത്രീത്വത്തെ അപമാനിക്കൽ കേസ്: മൂന്നുഅഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയും അടക്കം നാലുപേരെ കൂടി പ്രതി ചേർത്തു; അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബർ 31 വരെ നീട്ടി
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ. എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മർദ്ദന- സ്ത്രീത്വത്തെ അപമാനിക്കൽ കേസിൽ മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബർ 31 വരെ നീട്ടി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റെതാണുത്തരവ്. ജാമ്യഹർജിയിൽ വഞ്ചിയൂർ പൊലീസ് വെള്ളിയാഴ്ച റിപ്പോർട്ട് ഹാജരാക്കിയില്ല. ഒക്ടോബർ 31 ന് കേസ് ഡയറി ഫയലും റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
അതേ സമയം കോടതിയിലും പൊലീസിന്റെ രാഷ്ട്രീയക്കളി വെളിപ്പെട്ടു. കേസിൽ 3 അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമടക്കം 4 പേരെ കൂടി 2 മുതൽ 5 വരെ പ്രതിചേർത്ത് വഞ്ചിയൂർ പൊലീസ് വെള്ളിയാഴ്ച (ഒക്ടോബർ 28) അഡീ. റിപ്പോർട്ട് സമർപ്പിച്ചു. എൽദോസിന്റെ ജാമ്യ ഹർജി രാവിലെ 11.45 മണിക്ക് ഒക്ടോബർ 31 ലേക്ക് മാറ്റിയ ശേഷം 12.30 ന് അഡീ. റിപ്പോർട്ട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സമർപ്പിച്ചത്.
എഫ് ഐ ആർ പ്രതി കോളത്തിൽ പ്രതിസ്ഥാനത്ത് എൽദോസ് എംഎൽ എ എന്ന് പറഞ്ഞിട്ടുള്ളതും എന്നാൽ അന്വേഷണത്തിൽ അലക്സ്, ജോസ്, സുധീർ എന്നീ 3 അഭിഭാഷകരും രാഗം രാധാകൃഷ്ണൻ എന്ന ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനുമടക്കം 4 പേർ കൂടി യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും യുവതിയിൽ നിന്നും പണം അപഹരിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കൃത്യത്തിൽ പങ്കും പങ്കാളിത്തവും കൂട്ടായ്മയും ഉള്ളതായി വെളിവായിട്ടുള്ളതിനാൽ ഇവരെ 2 മുതൽ 5 വരെ പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം തുടരുന്ന വിവരത്തിന് ഈ അഡീ. റിപ്പോർട്ട് ഹാജരാക്കുന്നുവെന്നാണ് അഡീ. റിപ്പോർട്ട്.
പീഡന വധശ്രമക്കേസിൽ ഇതേ കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതായ സത്യവാങ്മൂലം എൽദോസ് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഇന്നും ഹാജരായതായി എൽദോസ് ബോധിപ്പിച്ചു.മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്