- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമന നെടുങ്കാട് സജി കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകാതെ വിട്ടു നിൽക്കുന്നു; നാർക്കോട്ടിക് സെൽ അസി.കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് വാറണ്ട്; കേസിൽ വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികൾ
തിരുവനന്തപുരം: സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിൽ 2012 ൽ മൃഗീയമായി നടന്ന കരമന സജി കൊലക്കേസിൽ വിചാരണക്ക് ഹാജരാകാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കരമന സർക്കിൾ ഇൻസ്‌പെക്ടറായ നർക്കോട്ടിക് സെൽ അസി. കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് വാറണ്ട്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹന്റേതാണുത്തരവ്. അസി. കമ്മീഷണറെ (ഷീൻ തറയിൽ) നവംബർ 17 നകം അറസ്റ്റ് ചെയ്യാൻ ഡി ജി പി അനിൽ കാന്തിനോടാണ് കോടതി ഉത്തരവിട്ടത്.
കേസിൽ ഇതിനോടകം 34 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും പ്രതികൾ കൃത്യത്തിനുപയോഗിച്ച13 തൊണ്ടി മുതലുകളും അക്കമിട്ട് തെളിവിൽ സ്വീകരിച്ച് വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കേയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകാതെ വിട്ടു നിൽക്കുന്നതെന്ന് നിരീക്ഷിച്ചാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്. പൊലീസ് കുറ്റപത്രത്തിലെ 60 ആം സാക്ഷിയും. പ്രോസിക്യൂഷൻ ഭാഗം മുപ്പത്തഞ്ചാം സാക്ഷിയായി വിസ്തരിക്കേണ്ടതുമായ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയുടെ സമൻസുത്തരവ് കൈപ്പറ്റിയിട്ടും ഒക്ടോബർ 15 , 27 എന്നീ തീയതികളിൽ വിചാരണക്ക് ഹാജരാകുകയോ സാവകാശം തേടുകയോ ചെയ്യാത്തതിനാലാണ് അറസ്റ്റ് ചെയ്യാൻ ഡി ജി പി യോട് കോടതി ഉത്തരവിട്ടത്.
ജെറ്റ് സന്തോഷ് കൊലക്കേസിൽ വധശിക്ഷാ തടവുകാരനും 24 ക്രിമിനൽ കേസുകളിൽ പ്രതിയുമായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസിൽ വിചാരണ നേരിടുന്നത്. സോജു എന്ന അജിത് കുമാർ , ഹരികുമാർ എന്ന രഞ്ജിത് , സാബു , നെടുങ്കാട് തളിയിൽ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29) , ചെണ്ട മനു എന്ന മനു , ചെത്ത് ഷാജി എന്ന ഷാജി , വെട്ട് അനി എന്ന അനിൽ കുമാർ , സതീഷ് കുമാർ , അജു എന്ന ഷെറിൻ എന്നിവരാണ് സജി കൊലക്കേസിൽ വിചാരണ നേരിട്ട 9 പ്രതികൾ.
2004 ൽ ജെറ്റ് സന്തോഷിനെ കൈകാലുകൾ വെട്ടിമാറ്റി മലയിൻകീഴ് ആലന്തറ കോളനിയിൽ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയിൽ തള്ളിയത് മുതൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സീരിയൽ കൊലപാതകങ്ങളുടെ ബാക്കിപത്രമാണ് സജി കൊലക്കേസ്. സോജുവിന്റെ അളിയൻ മൊട്ട അനിയെ 2006 ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തിൽ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബർ 6 ന് രാത്രി മുഴുവൻ പല സ്ഥലങ്ങളിൽ കൊണ്ടുപോയി അന്യായ തടങ്കലിൽ വെച്ച് വെട്ടിയും തുടയിലും മുതുകിലുമായി 9 കുത്തിയും മൃതപ്രായനാക്കി വിവരം ലഭിക്കാത്തതിനാൽ കൊന്ന് വെളുപ്പിന് നെടുങ്കാട് തള്ളിയെന്നാണ് കേസ്. സജിയെ തടങ്കലിൽ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡിൽ തള്ളിയിരുന്നു.
മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ 2004 ൽ കരമന വിളിച്ചു വരുത്തി ടാറ്റാ സുമോയിൽ തട്ടിക്കൊണ്ടു പോയി കൈ കാലുകൾ വിച്ചേദിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ജെറ്റ് സന്തോഷ് കൊലക്കേസിൽ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനിൽകുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടിൽ തടവറക്കുള്ളിൽ കഴിയുകയാണ്.
തിരുവനന്തപുരം നഗരം ഗുണ്ടാ ഭീതിയിൽ കഴിയവേയാണ് ഒരിട വേളയ്ക്കു ശേഷം 2012ൽ നഗരത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു യുവാവിന്റെ ജീവൻ എടുത്തത്. അമ്പിളിയെ വിളിച്ചുവരുത്താനുള്ള ശ്രമത്തിനിടെയാണ് ആ സംഘവുമായി അടുപ്പുമുണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ സജി (21), സോജുവിന്റെ സംഘത്തിന്റെ അടിയും ഇടിയും കുത്തുമേറ്റു മരിച്ചത്. സജി നഗരാതിർത്തി കേന്ദ്രീകരിച്ചു ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്ന ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ അംഗമായിരുന്നുവെന്നു പൊലീസ് പറയുന്നു. അമ്പിളിയുടെ വലംകയ്യെന്ന് അറിയപ്പെടുന്ന സജിയെന്ന സജീവിനെ തന്ത്രപൂർവം എതിർ ടീമിൽപ്പെട്ടവർ വകവരുത്തുകയായിരുന്നു. അമ്മയ്ക്കൊരു മകനെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട സോജുവിന്റെ സംഘമാണു കൊലയ്ക്കു പിന്നിലെന്നാണു പൊലീസിനു ലഭിച്ച വിവരം. സോജുവും അമ്പിളിയും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണ്. സോജുവിനെ വകവരുത്താൻ എതിർസംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലിൽ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂർ, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റിയെന്നു പൊലീസ് പറഞ്ഞു. 2012 ലെ കൊലക്ക് രണ്ടാഴ്ച മുൻപു ചൂഴാറ്റുകോട്ടയിലെത്തി എതിർ സംഘാംഗങ്ങൾ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് വെട്ടേറ്റു മരിച്ച സജിയെന്ന സജീവ്.
നഗരാതിർത്തിയായ ചൂഴാറ്റുകോട്ടയിൽ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നതായി പൊലീസിനറിയാം. സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ൽ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിർസംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താൻ എതിർ സംഘത്തിലെ തന്നെ റോബിൻ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ൽ തങ്കൂട്ടനെ കൊലപ്പെടുത്താൻ അമ്പിളി സഹായിച്ചതായും പൊലീസ് പറഞ്ഞു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരൻ മുരുകന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ൽ നടുറോഡിൽ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്. നഗരാതിർത്തി ഗ്രാമങ്ങളിൽ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന , നെടുങ്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് അന്തിയൂർക്കോണത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. എന്നാൽ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വർധിച്ചു. എന്നാൽ അമ്പിളിയെ കിട്ടാതെവന്നതോടെ ഏറ്റവും അടുത്ത സഹായിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.
നാട്ടുകാർക്കും പൊലീസിനും നിത്യ തലവേദനയാണ് സോജു. കൊലക്കേസ് ഉൾപ്പെടെ 24 ക്രിമിനൽ കേസുകളിൽ പ്രതി. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം ജയിലിൽ. എന്നാൽ ഗുണ്ടാ നിയമപ്രകാരം തടങ്കലിൽ ആകുന്നവരുടെ കേസ് പുനഃപരിശോധിക്കുന്ന ഉന്നതതല റിവ്യൂ കമ്മിറ്റിക്കു പ്രിയങ്കരൻ! സോജുവിനെ പൊലീസ് വെറുതെ പീഡിപ്പിക്കരുതെന്നു ഹൈക്കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു. അങ്ങനെ ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിന്റെ കരങ്ങൾ പലതരത്തിൽ ബന്ധിച്ചിരിക്കെയാണു ഗുണ്ടാപ്പകയുടെ പുതിയ ഇര 2012 ൽ വീണത്. 2011 നവംബറിൽ അമ്പിളിയെ വധിക്കാൻപോകുന്നതിനിടെ സോജു ഉൾപ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന സോജു ജയിൽമോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്. അതിനു ശേഷം സോജുവിനെ 2012 മാർച്ചിലാണു ഫോർട്ട് എസി: രാധാകൃഷ്ണൻ നായർ, തമ്പാനൂർ സിഐ. ഷീൻ തറയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടു സോജു ഗുണ്ടകളുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒരു കിലോമീറ്ററോളം ഓടിച്ചിട്ടാണു പിടിച്ചത്. പക്ഷേ കരുതൽ തടങ്കലിൽ ജയിലിലായ സോജുവിന്റെ അപ്പീൽ പരിഗണിച്ച കമ്മിറ്റി, ഒരു മാസം തികയും മുൻപേ ഇയാളെ തുറന്നുവിട്ടു. വീണ്ടും ആയുധങ്ങളുമായി ഇയാളെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴാണു സോജു ഹൈക്കോടതിയെ സമീപിച്ചത്. സോജുവിനെ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നും വെറുതെ പീഡിപ്പിക്കരുതെന്നും കോടതി പൊലീസിനു നിർദ്ദേശം നൽകി. അതോടെ ഏതാനും മാസമായി ഇയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി സിറ്റി പൊലീസ്. ജയിൽമോചിതനായ ശേഷവും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സോജുവും സംഘവും നാട്ടുകാരെ ഭീഷണിപ്പെടുത്തി 25,000 രൂപയോളം വാങ്ങിയതായി പൊലീസ് പറയുന്നു. ഗുണ്ടകളായ ജെറ്റ് സന്തോഷ്, പാറശാല ബിനു എന്നിവരെ വധിച്ച കേസിലെ മുഖ്യ പ്രതിയാണു സോജു. മരണപ്പെട്ട മറ്റൊരു ഗുണ്ട മൊട്ടമൂട് ഷാജിയുടെ വധത്തെത്തുടർന്നാണ് അമ്പിളി സോജുവിന്റെ ശത്രുവായത്. ശാസ്തമംഗലത്തു മംഗലം ലെയ്നിൽ ഷാനുദീനെ തട്ടിക്കൊണ്ടുപോയി മാലയും മോതിരവും കാറും തട്ടിയെടുത്ത കേസിലും കാലടി മരുതൂർക്കടവ് പാലത്തിൽ കൂട്ടാളികളുമായി ചേർന്നു കാർ യാത്രക്കാരനെ മർദിച്ച കേസിലും പ്രതിയാണ്.
അതിനിടെ 2012 സെപ്റ്റംബർ 6 ന് സജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോജു , കൂട്ടാളികളായ രഞ്ജിത്, കുന്നപ്പുഴ സാബു, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. സജിയുടെ കൊലയെക്കുറിച്ചു പൊലീസ് പറയുന്നത് : ടിപ്പർ ലോറി ഡ്രൈവർമാരായ സജി, മണികണ്ഠൻ എന്നിവർ ചൊവ്വാഴ്ച രാത്രി തിരുമലയിലെ ബാറിൽ മദ്യപിക്കാൻ എത്തി. തുടർന്നു മണികണ്ഠനുമായി അടുപ്പമുണ്ടായിരുന്ന സോജുവിന്റെ സംഘത്തിലെ രഞ്ജിത് ഇയാളെ ഫോണിൽ വിളിച്ചു പുറത്തിറക്കി. പിന്നീട് ഇയാളെ കൊണ്ടുപോയി അമ്പിളിയെ വിളിച്ചു വരുത്താൻ ശ്രമിച്ചു. നടക്കാതെ വന്നതോടെ ഇയാളെ മർദിക്കുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു.
തുടർന്നു മണികണ്ഠനെകൊണ്ടു സജിയെ ഫോണിൽ വിളിച്ചു ബാറിൽനിന്നിറക്കി. അതിനുശേഷം മണികണ്ഠനെ കിള്ളിപ്പാലത്തിനു സമീപം കൊണ്ടുവിട്ടു. മുറിവേറ്റ മണികണ്ഠൻ സ്വയം ആശുപത്രിയിലെത്തി. പിന്നീടു രണ്ടു ബൈക്കിലായി എത്തിയ ഗുണ്ടാ സംഘം സജിയുടെ ഫോണിൽനിന്ന് അമ്പിളിയെ വിളിപ്പിക്കാൻ ശ്രമിച്ചു. അതും നടക്കാതെ വന്നതോടെ മർദനവും കത്തിക്കുത്തും തുടങ്ങി. മുൻനിര പല്ലുകളെല്ലാം ഇടിച്ചിളക്കിയ സംഘം കത്തികൊണ്ടു മാരകമായി കുത്തി മുറിവേൽപ്പിച്ചാണു പുലർച്ചെ ഒന്നരയോടെ സ്ഥലം വിട്ടത്. പിന്നീടു സജി സ്വന്തം ഫോണിൽനിന്ന് 108 ആംബുലൻസിലേക്കു വിളിച്ചെങ്കിലും അവർ എത്തിയില്ല. പുലർച്ചെ നാലരയോടെ പത്ര വിതരണക്കാരാണു നെടുങ്കാട് സ്‌കൂളിനു സമീപം ഇയാൾ അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്നതു കണ്ടത്. കരമന പൊലീസ് വന്നു നോക്കിയപ്പോൾ മദ്യപിച്ചു ബോധം കെട്ടതാണെന്നു കരുതി 108 ൽ വീണ്ടും വിളിച്ചു. രക്തം വാർന്നൊലിച്ചു തളം കെട്ടിയ സ്ഥലത്തുനിന്ന് 50 മീറ്ററോളം മാറിയാണ് അപ്പോൾ ഇയാൾ കിടന്നിരുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ബോധം തെളിഞ്ഞു. അവിടെ ഡ്യൂട്ടി ഡോക്ടറോടാണു തന്നെ രണ്ടു ബൈക്കിലെത്തിയ അഞ്ചംഗ സംഘം കുത്തിയെന്ന് ഇയാൾ മൊഴി നൽകിയത്. കഴുത്തിൽ കിടന്ന മൂന്നു പവൻ മാലയും അപഹരിച്ചു. രാവിലെ എട്ടോടെ മരിച്ചു. പിന്നീട് ആശുപത്രിയിൽനിന്ന് അറിയിച്ചപ്പോഴാണ് ഇയാൾ കുത്തേറ്റാണു മരിച്ചതെന്നു പൊലീസ് വിവരം അറിയുന്നത്. മണികണ്ഠന്റെ കാര്യവും ജനറൽ ആശുപത്രി അധികൃതരാണു പൊലീസിനെ അറിയിച്ചത്. സജിയുടെ തുടയിലും മുതുകത്തുമായി ഒൻപതു കുത്തേറ്റിരുന്നു. ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുമുണ്ടായിരുന്നു. ഫോർട്ട് എസി: രാധാകൃഷ്ണൻ നായർ, തമ്പാനൂർ സിഐ: ഷീൻ തറയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി പൊലീസ് ഊർജിത അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 ( ന്യായവിരോധ സംഘത്തിലെ അംഗമാകൽ ) , 147 (ലഹളയുണ്ടാക്കൽ) , 148 (മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ) , 149 (പൊതു ലക്ഷ്യത്തോടെയുള്ള കൃത്യത്തിൽ അംഗമാകൽ , 342 ( അന്യായ തടങ്കലിൽ വയ്ക്കൽ) , 324 (മാരകായുധം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ) , 326 ( മാരകായുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 212 (കുറ്റക്കാർക്ക് സംശ്രയം നൽകൽ) , 302 (കൊലപാതകം) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.