പത്തനംതിട്ട: സംഘം ചേർന്ന് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ വിചാരണയ്ക്കിടെ മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയതിന് പിന്നാലെ കോടതി 23 വർഷവും ഒരുമാസവും കഠിനതടവും 95,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഏഴു പേരുള്ള കേസിൽ മറ്റു പ്രതികളെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു. കുറ്റൂർ പടിഞ്ഞാറ്റോതറ മുള്ളിപ്പാറ കോളനിയിൽ മുള്ളിപ്പാറ താഴെതിൽ ബിജു (35) ആണ് ശിക്ഷിക്കപ്പെട്ടത്.

തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി പി.പി.പൂജയുടെ വിധി. 2010 ജനുവരി 27 ന് തിരുവല്ല കുറ്റൂർ ക്നാനായ പള്ളിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ച ഓതറ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന കുറ്റൂർ തെങ്ങേലി വല്യറ ലക്ഷം വീട് കോളനിയിൽ വിശാഖി(27)നെ വടിവാൾ കൊണ്ട് ഏഴു പ്രതികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.

ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കഴിഞ്ഞ് മെയ്‌ 21 നാണ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പിഴയടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയാൽ 3 വർഷവും 10 മാസവും കൂടി ശിക്ഷ അനുഭവിക്കണം. അന്യായ തടസ്സം ചെയ്തതിന് ഒരു മാസവും 500 രൂപ പിഴയും, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ചതിനു 3 വർഷവും 10,000 രൂപ പിഴയും, കഠിന ദേഹോപദ്രവത്തിനും വധശ്രമത്തിനും 10 വർഷം വീതവും, 40,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. എസ് ഐ കെ ആർ അനിൽകുമാർ രജിസ്റ്റർ ചെയ്ത കേസ്, അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ആർ ജയരാജാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ കണ്ടെടുത്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. ജയരാജ് ഇപ്പോൾ പത്തനംതിട്ട ജില്ലാ ്രൈകം ബ്രാഞ്ച് ഡിവൈ.എസ്‌പിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രേഖ ആർ നായർ ഹാജരായി.