- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയിരൂർ ബാബു കൊലക്കേസ്; ഒന്നാം പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ; പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി അധിക തടവ്
തിരുവനന്തപുരം: ലോട്ടറി ക്കച്ചവടം നടത്തിയിരുന്ന അയിരൂർ ഇലകമൺ ദേശത്ത് പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ(58) തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ 'മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക്' അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ ഒടുക്കിയാൽ തുക മരണപ്പെട്ട ബാബുവിന്റെ ആശ്രിതർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
നെയ്യാറ്റിൻകര, പെരുമ്പഴുതൂർ മൊട്ടക്കാട് കോളനിയിൽ അനിൽ മകൻ വിജയ് എന്ന് വിളിക്കുന്ന ബിജോയ് (25)നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ശിക്ഷിച്ചത്. കേസിലെ രണ്ടും,മൂന്നും പ്രതികളായ ഇലകമൺ പാണിൽ ലക്ഷം വീട് കോളനിയിൽ താമസക്കാരായ മാധവൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന സൈജു (32) രാജേന്ദ്രൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സജീവ് (22) എന്നിവരെ മതിയായ തെളിവില്ലാത്തത് കാരണം കോടതി വെറുതെ വിട്ടു.
23-1-2015 ലായിരുന്നു കൃത്യത്തിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി , പാണിൽ കോളനിയിയിലെ പൊതു ടാപ്പിൽ നിന്നും ഉടുതുണിയില്ലാതെ കുളിച്ചത് പറഞ്ഞ് വിലക്കിയതാണ് കൊലക്കുള്ള വിരോധ കാരണം. കൃത്യദിവസം രാത്രി 9 മണിക്ക് പ്രതികൾ പൊതു ടാപ്പ് പരിസരത്ത് വരുകയും രണ്ടാം പ്രതി ഉണ്ണി ഉടുതുണിയില്ലാതെ കുളിക്കുന്നത് കേസിലെ പ്രധാന സാക്ഷിയായ മോഹനനും,കൊല്ലപ്പെട്ട ബാബുവും ഉൾപ്പെടെയുള്ള കോളനി നിവാസികൾ ചോദ്യം ചെയ്തു.കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ഒന്നാം പ്രതി ബിജോയ്, സാക്ഷി മോഹനന്റെ തലക്കടിച്ചത് പിടിച്ച് മാറ്റാൻ ശ്രമിച്ച ബാബുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സ്ഥലത്ത് കുഴഞ്ഞ് വീണ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ചികിത്സയിരിക്കേ മരണപ്പെട്ടു.ബാബുവിന്റെ മകൾ മിനിമോൾ, മോഹനൻ എന്നിവരായിരുന്നു ദൃക്‌സാക്ഷികൾ.