- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകന്റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ഉള്ള കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ. എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മർദ്ദന- സ്ത്രീത്വത്തെ അപമാനിക്കൽ കേസിൽ എൽദോസിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ 25,000 രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിന്മേലും പ്രതിയെ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരേയോ നേരിട്ടോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിടരുതെന്നുമുള്ള ഉപാധിയിലാണ് ജാമ്യം നൽകിയത്.
കേസിൽ 3 അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമടക്കം 4 പേരെ കൂടുതൽ 2 മുതൽ 5 വരെ പ്രതിചേർത്ത് വഞ്ചിയൂർ പൊലീസ് വെള്ളിയാഴ്ച (ഒക്ടോബർ 28) അഡീ. റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എൽദോസിന്റെ ജാമ്യ ഹർജി 28 ന് രാവിലെ 11.45 മണിക്ക് പ്രാരംഭവാദം കേട്ട് ഒക്ടോബർ 31 ലേക്ക് മാറ്റിയ ശേഷം ഉച്ചക്ക് 12.30 നാണ് അഡീ. റിപ്പോർട്ട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സമർപ്പിച്ചത്.
എഫ് ഐ ആർ പ്രതി കോളത്തിൽ പ്രതിസ്ഥാനത്ത് എൽദോസ് എംഎൽ എ എന്ന് പറഞ്ഞിട്ടുള്ളതും എന്നാൽ അന്വേഷണത്തിൽ അലക്‌സ് , ജോസ് , സുധീർ എന്നീ 3 അഭിഭാഷകരും രാഗം രാധാകൃഷ്ണൻ എന്ന ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനുമടക്കം 4 പേർ കൂടി യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും യുവതിയിൽ നിന്നും ഒത്തുതീർപ്പു രേഖ ഭയപ്പെടുത്തി അപഹരിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കൃത്യത്തിൽ പങ്കും പങ്കാളിത്തവും കൂട്ടായ്മയും ഉള്ളതായി വെളിവായിട്ടുള്ളതിനാൽ ഇവരെ 2 മുതൽ 5 വരെ പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം തുടരുന്ന വിവരത്തിന് ഈ അഡീ. റിപ്പോർട്ട് ഹാജരാക്കുന്നുവെന്നാണ് അഡീ. റിപ്പോർട്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 ( എ ) (1) (സ്വാഗതാർഹമല്ലാത്തതും പ്രകടമായിത്തന്നെ ലൈംഗികവുമായ സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും നടത്തൽ), 342 ( അന്യായമായി തടഞ്ഞുവെക്കൽ) , 384 ( ഭയപ്പെടുത്തി മൂല്യമുള്ള ഈടായി മാറ്റാവുന്ന ഒപ്പുവച്ചതോ മുദ്രവച്ചതോ ആയ ഏതെങ്കിലുമോ കൊടുക്കുവാൻ പ്രചോദിപ്പിച്ച് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കി അപഹരിക്കൽ) , 323 (സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 294 ( ബി ) (അസഭ്യ വാക്കുകൾ വിളിക്കുക), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ ആണ് അഡീ. റിപ്പോർട്ടിൽ എൽദോസുൾപ്പെടെ 5 പ്രതികൾക്കെതിയും ചുമത്തിയിട്ടുള്ളത്. എഫ്‌ഐആറിലെ സെക്ഷൻ ഓഫ് ലോ ആൾട്ടർ (നിയമത്തിലെ വകുപ്പുകൾ മാറ്റി ഭേദഗതി) ചെയ്യാനും എഫ് ഐ ആറിലെ സെക്ഷൻ ഓഫ് ലോയ് ഒപ്പം ചേർത്തു വായിക്കാനും പ്രത്യേക അപേക്ഷയും പൊലീസ് ഫയലിങ് കോടതിയായ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.