- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടർക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി സന്തോഷിനെ നാളെ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ്; പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതും സന്തോഷ് തന്നെ; കണ്ടെത്തിയത് വിരലടയാള പരിശോധനയിൽ
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമക്കേസിൽ കുറവൻകോണം വീടാക്രമണ കേസ് പ്രതി മലയിൻകീഴ് സന്തോഷിന് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
കുറവൻകോണം വീടാക്രമണക്കേസിൽ നവംബർ 2 മുതൽ റിമാന്റിൽ കഴിയുന്ന സന്തോഷിനെ ഒക്ടോബർ 26 ന് പുലർച്ചെ നടന്ന മ്യൂസിയം കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ ഇയാളുടെസാന്നിധ്യം അത്യന്താപേക്ഷിതമാകയാൽ കോടതിയിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താൻ അനുവദിക്കണമെന്ന മ്യൂസിയം പൊലീസിന്റെ അപേക്ഷയിലാണ് സി ജെ എം ആർ. രേഖയുടെ ഉത്തരവ്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് പൂട്ട് തകർത്ത് ക്യാമറ നശിപ്പിച്ച പേരൂർക്കട കേസിലാണ് പ്രതി നിലവിൽ റിമാന്റിൽ കഴിയുന്നത്. അതേ സമയം മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയാണ് പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതെന്നും തെളിഞ്ഞു. വിരലടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.
2021 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡിസംബറിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല.
മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സന്തോഷിനെ പിടികൂടിയതോടെ മാധ്യമങ്ങളിൽ ചിത്രം വന്നതോടെയാണ് യുവതി സന്തോഷിനെ തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരൽ അടയാള (ഫിംഗർ പ്രിന്റ്‌സ്) പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ശാസ്ത്രീയമായ തെളിവുകൾ അന്ന് തന്നെ പൊലീസ് ശേഖരിച്ചിരുന്നു. അതാണ് സന്തോഷിനെ കുടുക്കിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ്. കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.