- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത നായർക്ക് സ്ലോ പോയ്‌സൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന് ഉപാധികളോടെ മുൻ ജാമ്യം; ഡിസംബർ മൂന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്‌സൺ കലർത്തിയെന്ന ആരോപണത്തിലെടുത്ത വധ ശ്രമക്കേസിലെ പ്രതി മുൻ ഡ്രൈവർ വിളവൂർക്കൽ സ്വദേശി ബി. വിനുകുമാറിന് മുൻകൂർ ജാമ്യം അനുവദിച്ചു. ഡിസംബർ 3 മുതൽ 6 വരെ രാവിലെ 10 മണി മുതൽ 5 മണി വരെ പരിമിതമായ കസ്റ്റഡിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം. തുടർന്ന് ആവശ്യപ്പെടുമ്പോൾ ഹാജരാകണം. ജാമ്യക്കാലയളവിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്.
സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരേയോ ഭീഷണിപ്പെടുത്തുകയോ തെളിവു നശിപ്പിക്കാനോ പാടില്ല. ചോദ്യം ചെയ്ത് ആയുധങ്ങളോ മറ്റു തെളിവുകളോ അന്വേഷണ ഉദ്യോസ്ഥന് ശേഖരിക്കാം. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ 50,000 രൂപയുടെ ജാമ്യ ബോണ്ടിൽ വിട്ടയക്കണം. മജിസ്‌ട്രേട്ട് കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിടരുത്. അന്വേഷണവുമായി സഹകരിക്കണം.
ഇരയുമായോ പ്രധാന സാക്ഷികളുമായോ നേരിട്ടോ മറ്റു തരത്തിലോ ആശയ വിനിമയം പാടില്ല എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവിന്റേതാണുത്തരവ്. താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യ ഹർജിയിൽ പ്രതി പറഞ്ഞിരുന്നു.
തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്.ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മത മൊഴിക്കായി തന്നെ കസ്റ്റഡിയിൽ വെച്ച് മാനസികമായും ശാരീരികമായും ക്രൈംബ്രാഞ്ച് പീഡിപ്പിക്കും. സരിതയുടെ ഡ്രൈവർ കം ബോഡീ ഗാർഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാവുന്നതാണ്. താൻ ഇടക്ക് സരിതയുമായി അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞതിൽ വച്ചുള്ള വൈരാഗ്യത്താൽ താൻ രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മുൻകൂട്ടി കണ്ട് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസ് എടുപ്പിച്ചതെന്നാണ് വിനു കുമാറിന്റെ പ്രത്യാരോപണം.
തന്റെ വീടും പരിസരവും സെർച്ച് നടത്തിയപ്പോൾ തന്റെ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നതെന്നും യാതൊന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് സി ആർ പി സി വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം.