തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ നാളെ (2ന് ) വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം റിമാന്റ് ചെയ്യും. തുടർന്ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും.

രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഒക്ടോബറിൽ നേരിട്ട് ചോദ്യം ചെയ്തു. തങ്ങൾക്ക് ലിഗയെ അറിയില്ലെന്ന് പ്രതികൾ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികൾ ബോധിപ്പിച്ചു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കിൽ ഒക്ടോബർ 25 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്.