- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ ഗാന കോപ്പിയടി കേസ് അന്വേഷണത്തിൽ വീഴ്ച; മൊബൈൽ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു; പെൻഡ്രൈവും മെമ്മറി കാർഡും ഫോറൻസിക് പരിശോധനക്ക് അയയ്ക്കാതെ ഫോർട്ട് പൊലീസിന്റെ വീഴ്ച
തിരുവനന്തപുരം: മലയാള, തമിഴ് സിനിമാ ഗാനങ്ങൾ കോപ്പിയടിച്ചെന്ന പകർപ്പവകാശ ലംഘന പൈറസി കേസന്വേഷണത്തിൽ പൊലീസ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊബൈൽ ഷോപ്പുടമയെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. പകർപ്പവകാശം ലംഘിച്ചുവെന്നത് കണ്ടു പിടിക്കാൻ പ്രതി കൃത്യത്തിനുപയോഗിച്ച
പെൻഡ്രൈവും മെമ്മറി കാർഡും കാർഡ് റീഡറും കമ്പ്യൂട്ടറും ഫോറൻസിക് പരിശോധനക്ക് അയക്കാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാതെ ഫോർട്ട് പൊലീസിന്റെ കേസന്വേഷണ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് മൊബൈൽ ഷോപ്പുടമയെ കോടതി വെറുതെ വിട്ടത്.
പഴവങ്ങാടി അബാദ് ടവേഴ്‌സിൽ അയ്മൻ മൊബൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബഷീറിനെയാണ് ഫോർട്ട് പൊലീസ് കുറ്റപത്രം തള്ളിക്കൊണ്ട് നിരുപാധികം വിട്ടയച്ചത്. 2011 ഡിസംബർ 13 ന് ഉച്ചക്ക് 2.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പകർപ്പുകൾ വിൽക്കാൻ നിയമപരമായ ലൈസൻസില്ലാതെ മലയാള , തമിഴ് സിനിമാചലച്ചിത്ര ഗാനങ്ങൾ കാർഡ് റീഡർ ഉപയോഗിച്ച് കംപ്യൂട്ടറിൽ പെൻ ഡ്രൈവിൽ നിന്നും മെമ്മറി കാർഡിലേക്ക് പകർത്തിയെന്നാണ് കേസ്.
രണ്ടും നാലും ഏഴും സാക്ഷികൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചും ഹാജരാകാത്തതാണ് വിചാരണ വൈകാൻ കാരണമായതെന്നും അപ്രകാരം വിചാരണയിലുണ്ടായ 11 വർഷക്കാലതാമസം പ്രതിക്ക് കടുത്ത അനീതിക്ക് കാരണമായെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ തെളിവുകൾ ദുർബലവും നിലവാരമില്ലാത്തതുമാണ്. നിയമപരവും മതിയായതുമായ തെളിവുകൾ നിരത്തി സംശയാതീതമായി കേസ് തെളിയിക്കേണ്ട കടമ പ്രോസിക്യൂഷന്റേതാണ്. ഇവിടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.
പ്രതിയുടെ ഷോപ്പുടമയെ സാക്ഷിയാക്കാത്തതും , ഫോറൻസിക് പരിശോധനക്ക് ഫോർവേഡിഗ് നോട്ടു കോടതിയിൽ സമർപ്പിക്കാത്തതും ഗുരുതര വീഴ്ചയായി കോടതി കണ്ടെത്തി. പ്രതിയുടെ ഷോപ്പു റൂമിൽ നിന്നും പിടിച്ചെടുത്തവ വിപണിയിൽ സർവ്വസാധാരണമായി ലഭ്യമാണെന്ന് കേസന്വേഷിച്ച അന്നത്തെ ഫോർട്ട് സബ്ബ് ഇൻസ്‌പെക്ടർ എസ്. വിജയകുമാറിന്റെ മൊഴിയെയും കോടതി വിധിന്യായത്തിൽ പരാമർശിച്ചു.