തിരുവനന്തപുരം: ആന്ധ്ര - കോയമ്പത്തൂർ വഴി ആറ്റിങ്ങലിലേക്ക് 4 കോടിയുടെ ലഹരി കള്ളക്കടത്ത് നടത്തിയ കേസിൽ 4 പ്രതികൾക്കും ജാമ്യമില്ല. ജാമ്യം നിഷേധിച്ച തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ജനുവരി 3 വരെ പ്രതികളുടെ റിമാന്റുകാലാവധി നീട്ടി. സംഭവം നടന്ന 2020 ഒക്ടോബർ 9 മുതൽ പ്രതികൾ അഴിക്കുള്ളിൽ കഴിയുകയാണ്. രാജ്യാന്തര വിപണിയിൽ 4 കോടിയിലേറെ വിലമതിക്കുന്ന 3 കിലോ ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവും കടത്തിയ കേസിലാണ് കോടതി ഉത്തരവ്. 1 മുതൽ 4 വരെ പ്രതികളായ തൃശൂർ ചാവക്കാട് പാവറട്ടി നാലകത്ത് തിരുത്തിക്കാട് ഫൈസൽ (42), പത്തനംതിട്ട കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ നിയാസ് (25), ആലംകോട് മുഹബത്തിൽ ജെ.എം. ജസീൽ (30), ആലംകോട് പെരുംകുളം സലീം മന്ദിരത്തിൽ റിയാസ് (35) എന്നിവരാണ് വിചാരണ തടവുകാരായി റിമാന്റിൽ കഴിയുന്നത്. 4 പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന വിവരം അറിഞ്ഞ അഞ്ചാം പ്രതി ആലംകോട് സ്വദേശി കോഴി ഫാം ഉടമ ഷിഹാബുദീൻ എന്ന ഫൈസു 2020 മുതൽ ഒളിവിലാണ്.

ആന്ധ്രയിൽ നിന്ന് അരി ലോറിയിൽ കോയമ്പത്തൂരിൽ എത്തിച്ച ശേഷം, ആലംകോട് സ്വദേശിയുടെ കോഴി ഫാമിലേക്ക് കോഴികളെ എത്തിക്കുന്നെന്ന വ്യാജേനയാണ് ദേശീയപാതയിലൂടെ ഹാഷിഷും കഞ്ചാവും കടത്തിയത്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 8 (സി) , 20 (ബി) (2) (സി), 29 എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികൾക്കെതിരെ സെഷൻസ് കേസെടുത്തത്.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് നഗരൂർ വെള്ളംകൊള്ളിയിൽ നിന്നാണ് 4 പ്രതികളെയും തൊണ്ടി വകകളും പിടികൂടിയത്. 2 വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവർ വൻകിട കച്ചവടക്കാർക്കു ലഹരിമരുന്ന് എത്തിക്കുന്ന കാരിയർമാർ ആണന്നാണു എക്‌സൈസ് നിഗമനം. പിടിച്ചെടുത്ത 100 കിലോ കഞ്ചാവ്, രണ്ടു കിലോയിലധികം വരുന്ന 40 ചെറിയ പൊതികളാക്കിയും ഹഷീഷ് ഓയിൽ കട്ടികൂടിയ പ്ലാസ്റ്റിക് കവറിലാക്കിയും പിക്അപ് വാനിന്റെ പ്ലാറ്റ്‌ഫോമിൽ ഒളിപ്പിച്ചാണു കടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലംകോട് കിളിമാനൂർ റൂട്ടിലെ വെള്ളംകൊള്ളിയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണു ലഹരി സാധനങ്ങൾ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട്, വാഹനത്തിൽ നിന്നു പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലേക്കു ലഹരി വസ്തുക്കൾ മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഇവർ കുടുങ്ങിയത്. 2021 ലാണ് ഒളിവിൽ പോയ കോഴിഫാം ഉടമയടക്കം 5 പ്രതികൾക്കെതിരെ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ്, കെ.വി. വിനോദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. .

2020 ഓഗസ്റ്റ് - സെപ്റ്റംബറിൽ ഒന്നര മാസത്തിനിടെ ആറ്റിങ്ങൽ മേഖലയിൽ പിടിച്ചെടുത്തത് 642 കിലോ കഞ്ചാവ് ആയിരുന്നു. 3 കേസുകളിലായി 11 പേരെ എക്‌സൈസ് പിടികൂടി. ആലംകോട് നിന്നു 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ എൻജിനീയർ ഉൾപ്പെടെ 4 പേർ അറസ്റ്റിലായത് 2020 ഓഗസ്റ്റ് 22 നാണ്. 2020 സെപ്റ്റംബർ 6 ന് കണ്ടെയ്‌നർ ലോറിയിൽ കടത്തിയ 501.5 കിലോ കഞ്ചാവ് ആറ്റിങ്ങൽ കോരാണിയിൽ നിന്നു പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യക്കാരായ 2 പേർ ഉൾപ്പെടെ 3 പേരാണ് അന്ന് അറസ്റ്റിലായത്.

ഇതിൽ 2 പേർ ചിറയിൻകീഴ് സ്വദേശികളാണ്. ഈ കേസുകളുടെ അന്വേഷണം പുരോഗമിക്കവേയാണ് 2020 ഒക്ടോബർ 9 ന് 4 പേരെ 100 കിലോ കഞ്ചാവും 3 കിലോ ഹാഷിഷുമായി പിടികൂടിയത് . 501.5 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ നക്‌സൽ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര കഞ്ചാവ് കടത്തിലെ പ്രധാനി രാജു ഭായിയും പ്രതിയാണ്. 2020 ൽ പിടികൂടിയ 3 കേസുകളിലും ആന്ധ്രയിൽ നിന്നു നേരിട്ടാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്നും കണ്ടെത്തി.