- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യ നായരെ അറസ്റ്റ് ചെയ്ത അന്നുരാത്രി തന്നെ ഭർത്താവ് രാജേഷ് മുങ്ങി; ശശികുമാരൻ തമ്പി ഒളിവിൽ ഇരുന്ന് കൊണ്ട് തന്ത്രങ്ങൾ മെനയുന്നു; ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ തമ്പി മുൻകൂർജാമ്യ ഹർജി നൽകി; സെഷൻസ് കോടതിയിൽ മൂന്നുകേസുകളിലായി മൂന്നു ഹർജികൾ; നാളെ പരിഗണിക്കും
തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് 3 കേസുകളിലായി 3 ഹർജികൾ സമർപ്പിച്ചത്. ഹർജി വ്യാഴാഴ്ച പരിഗണിക്കും. കന്റോൺമെന്റ്, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുകളിൽ ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ 2022 ഡിസംബർ 18 ന് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരൻ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു ഉദ്യോഗാർത്ഥിയുടെ പരാതിയിലാണ് നവംബർ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 12 ലക്ഷത്തിന്റെ തട്ടിപ്പിനാണ് പൂജപ്പുര സ്റ്റേഷനിൽ കേസ് വന്നത്. 2018 മുതൽ സംഘം പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.
തട്ടിപ്പിനിരയായവരുടെ പക്കൽ നിന്നും പണം വാങ്ങിയ ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് ഡിസംബർ 18 ന് കസ്റ്റഡിയിലെടുത്തത്. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷിക്കുന്നവരിൽ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. 18 ന് രാത്രി തന്നെ ദിവ്യാ നായരുടെ ഭർത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്.
ദിവ്യാജ്യോതി പണം വാങ്ങിയ ശേഷം ശശികുമാരൻ തമ്പിയുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരൻ തമ്പിയായിരുന്നു. ഇന്റർവ്യൂവിന് മുമ്പ് പകുതി പണവും ഇന്റർവ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്റർവ്യു നടത്തിയതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല. ശശികുമാരൻ തമ്പിക്കെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.
2022 ഒക്ടോബർ ആറിന് കേസെടുത്തിട്ടും കന്റോൺമെന്റ് പൊലീസ് നടപടിയെടുക്കാതെ കേസ് പൂഴ്‌ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരിൽ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നൽകിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിർണായക തെളിവുകൾ പൊലീസ് പൂഴ്‌ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്റോൺമെന്റ് പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവൻ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പൊലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പണം കൈമാറുന്നതിന്റെ വീഡിയോയും ചാറ്റും ഫോൺ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്റോൺമെന്റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.