- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കി ബസാർ മേൽപ്പാല നിർമ്മാണം: വ്യാപാരികളെ രണ്ട് ലക്ഷം രൂപ മാത്രം നൽകി ഒഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; സാമൂഹികാഘാത റിപ്പോർട്ടിൽ പിഴവെന്ന് വ്യാപാരികൾ; തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെക്കി ബസാർ മേൽപ്പാലത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പിന് വേണ്ടി വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സ്ഥലമേറ്റെടുക്കൽ നടപടി നിയമ വ്യവസ്ഥകൾ പാലിക്കാതെയും നിയമം വ്യവസ്ഥ ചെയ്യുന്ന പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള വ്യവസ്ഥകൾ പാലിക്കാതെയുമാണെന്നാണ് ആരോപണം. വ്യാപാരികളായ ലാവണ്യ ആൽബി, രാജീവൻ എ, ഉവൈസ് സത്താർ വി പി എന്നിവരും ഭൂവുടമയായ വി പി കുഞ്ഞാമിനയും പ്രത്യേകം പ്രത്യേകമായി സമർപ്പിച്ച റിട്ട് ഹരജിയിൽ പ്രാഥമികവാദം കേട്ട ജസ്റ്റിസ് ടി ആർ രവി ഹരജിക്കാരുടെ സ്ഥാപനങ്ങൾക്ക് തൽസ്ഥിതി തുടരാൻ അനുവദിച്ച് ഉത്തരവായി. കേസ് 2023 ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.
തെക്കീബസാർ മേൽപാലത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പിനുള്ള വിജ്ഞാപനത്തിന് മുൻപായി നടത്തേണ്ട സാമൂഹികാഘാത പഠനം നിയമ വ്യവസ്ഥകൾ പാലിച്ച് നടന്നിട്ടില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. തെക്കി ബസാർ മേൽപാലത്തിന് പകരമായി തളാപ്പ് സുന്ദരേശ്വര ക്ഷേത്രം റോഡിന്റെയും, പാമ്പൻ മാധവൻ റോഡിന്റെയും ദേശീയ പാതയുടെയും സമീപ റോഡുകളുടെയും വശങ്ങളിൽ ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ തൊട്ടടുത്തുള്ള സഹകരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടത്തിലെത്തുന്ന ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. തദ്ദേശ സ്വയംഭരണ വകുപ്പിലെ ടൗൺ പ്ലാനിങ്ങ് വിഭാഗം ഇത് പ്രസിദ്ധപ്പെടുത്തുകയും വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്ത സ്ഥലം ഏറ്റെടുത്ത് തെക്കി ബസാറിൽ നിന്ന് കക്കാട് റോഡ് വഴി കണ്ണൊത്തുംചാൽ വരെയുള്ള റോഡ് വികസിപ്പിക്കുകയും ചെയ്താൽ മാത്രം മതിയെന്നിരിക്കെ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലെന്ന് ഹരജികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച് അംഗീകരിക്കേണ്ട വിദ്ഗദ്ധ സമിതിയിൽ പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം നോമിനേറ്റ് ചെയ്യുന്ന രണ്ട് പ്രതിനിധികൾ വേണമെങ്കിലും, ഇക്കാര്യത്തിൽ കണ്ണൂർ കോർപറേഷന് ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. തെക്കി ബസാർ മേൽപ്പാലത്തിന് പകരമായി പള്ളിക്കുന്ന് വനിതാ കോളജ് പരിസരം മുതൽ കണ്ണോത്തുംചാൽ വരെ ദേശീയപാത വികസിപ്പിക്കണമെന്നുള്ള കോർപറേഷൻ പ്രമേയം ചില തൽപരകക്ഷികളുടെ സ്വാധീനത്തിന് വഴങ്ങി സർക്കാർ അവഗണിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
നിയമം അനുശാസിക്കുന്ന പ്രകാരം സ്ഥാപനം പുനഃസ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുകയോ, അതിന് സാധിക്കാത്ത പക്ഷം സ്ഥാപനങ്ങളിലെ സ്റ്റോക്ക് ഉൾപ്പെടെയുള്ള ജംഗമ സ്വത്തുക്കൾ മുഴുവനായും ഏറ്റെടുക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തെക്കി ബസാർ മേൽപ്പാലത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിൽ വീട് നഷ്ടപ്പെടുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും സർക്കാർ സ്ഥലമെടുപ്പ് സംബന്ധിച്ച് പാലിക്കേണ്ട നിയമ വ്യവസ്ഥകൾ ലംഘിക്കുകയുമാണെന്ന് ആരോപിച്ച് തെക്കി ബസാറിലെ കെ വി ആതിര നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.