പന്തളം: പോസ്റ്റ് ഓഫീസ് നിക്ഷേപകരുടെ പണം അടയ്ക്കുന്നതിൽ തിരിമറി നടത്തിയ മഹിളാ പ്രധാൻ ഏജന്റിനെ വിജിലൻസ് കോടതി മൂന്നു വർഷം തടവിനും 6.25 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. കുളനട പോസ്റ്റ് ഓഫീസിലെ മഹിളാ പ്രധാൻ ഏജന്റായിരുന്ന കുളനട മംഗളത്ത് വീട്ടിൽ പി.ജി.സരളകുമാരിയെ ആണ് ആർ. ഡി നിക്ഷേപകരുടെ പണം അപഹരിച്ചുവെന്ന ആറു കേസുകളിൽ ശിക്ഷിച്ചത്.

തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ജഡ്ജി ജി. ഗോപകുമാറിന്റേതാണ് വിധി. 1989 മുതൽ പോസ്റ്റ് ഓഫീസ് മഹിളാ ഏജന്റ് ആയി പ്രവർത്തിച്ചു വരികയാണ്. 2005 കാലഘട്ടത്തിലാണ് ചിലരുടെ നിക്ഷേപം പിരിച്ചെടുത്തെങ്കിലും ഒടുക്കുന്നില്ല എന്ന പരാതി ഉയർന്നത്. തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നിക്ഷേപകരെ നേരിൽ വിളിച്ചു വരുത്തി അന്വേഷണം നടത്തി. നിക്ഷേപകരുടെ അര ലക്ഷത്തിന് മുകളിൽ പണം അപഹരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

അപഹരണത്തിന്റെറ വ്യാപ്തി കണക്കിലെടുത്ത് കേസ് അന്വേഷണം വിജിലൻസിന് കൈമാറി. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പി സി.പി.ഗോപകുമാർ 2005 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ, പ്രതി 34 നിക്ഷേപകരിൽ നിന്നും 2000 മുതൽ 2005 വരെ ഉള്ള കാലഘട്ടത്തിൽ 1,58,100 രൂപ പിരിച്ചെടുത്തെങ്കിലും പോസ്റ്റ് ഓഫീസിൽ ഒടുക്കാതെ അപഹരിച്ചുവെന്ന് കണ്ടെത്തി. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഡിവൈ.എസ്‌പി ബേബി ചാൾസ് ആയിരുന്നു. കേസിന്റെ അന്വേഷണം പൂർത്തീകരിച്ചു 2011 മുതൽ 2016 വരെ ആറ് കുറ്റപത്രങ്ങൾ ആണ് പ്രതിക്ക് എതിരെ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. 20 വർഷത്തെ കാലവിളംബം ഉണ്ടായിട്ടും പണം നഷ്ടപ്പെട്ട മാസനിക്ഷേപകർ കോടതി മുൻപാകെ ഹാജർ ആയി ഏജന്റിനെതിരേ മൊഴി നൽകി. വിജിലൻസിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജർ ആയി.