- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി തള്ളി; 1.85 കോടിയുടെ തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് സെഷൻസ് കോടതി
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും ടൈറ്റാനിയം കമ്പനിയിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജറുമായ കവടിയാർ ശ്രീവിലാസം ലൈൻ ശരത്തിൽ ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. തിരുവനന്തപുരം ആറാം അഢീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് ഒരു കേസിലെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസിലും ശശികുമാരൻ തമ്പിയുടെ അടുത്താണ് മറ്റ് പ്രതികൾ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന്റെ പേരിൽ കൊണ്ട് വന്ന് ഉദ്യോഗാർത്ഥികളിൽ വിശ്വാസ്യത ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. ജോലി തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലും നിരവധി പരാതികൾ ഇപ്പോഴും പൊലീസിന് ദിനം പ്രതി ലഭിക്കുന്നതിനാൽ പ്രതിയുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
നിലവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഇതുവരെയുള്ള അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. പ്രതിയുടെ ബാങ്ക് രേഖകൽ അടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ടത് കേസിന് അത്യന്താപേക്ഷിതമാണ്. ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലാണ് ശശികുമാരൻ തമ്പി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരൻ തമ്പി. അദ്ധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന അദ്ധ്യാപകനായ പാറശ്ശാല പെരുംകുളം പുനലാൽ സൈമൺ റോഡിൽ ഷംനാദാണ് അദ്ധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയിൽ മെക്കാനിക് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളായ പ്രേം കുമാർ ശ്യാം ലാൽ എന്നിവരോടൊപ്പം അദ്ധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയിൽ കൊണ്ട് വന്ന് ശശികുമാരൻ തമ്പിയെ കാണിച്ച് വിശ്വാസ്യത ഉണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.