- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ ഹോട്ടലിലെ പെഗ് മെഷർ ഗ്ലാസ് അളവ് തൂക്ക വെട്ടിപ്പ് കേസ്; ബാറുടമയടക്കം 4 പ്രതികളെ വെറുതെ വിട്ട മജിസ്‌ട്രേട്ട് കോടതി വിധി ജില്ലാ കോടതി ശരിവച്ചു
തിരുവനന്തപുരം: ബാർ ഹോട്ടലിൽ ഉപഭോക്താക്കൾക്ക് നൽകാനായി ബാർ മാൻ പകർന്നു നൽകുന്ന പെഗ് മെഷർമെന്റ് ഗ്ലാസ് അളവ് - തൂക്ക വെട്ടിപ്പ് കേസിൽ ബാറുടമകളെ വിട്ടയച്ച വർക്കല മജിസ്‌ട്രേട്ട് കോടതി വിധി തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ശരിവച്ചു. തൊണ്ടിമുതലായ പെഗ് മെഷർ ഗ്ലാസ് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കോടതിയിൽ ഹാജരാക്കാത്തതിന് ബാറുടമയടക്കം 4 പ്രതികളെ വെറുതെ വിട്ട മജിസ്‌ട്രേട്ട് കോടതി വിധിയാണ് ജില്ലാ കോടതി ശരിവച്ചത്.
മജിസ്‌ട്രേട്ട് കോടതി വിധിന്യായം ചോദ്യം ചെയ്തുള്ള ആറ്റിങ്ങൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടറുടെ ക്രിമിനൽ അപ്പീൽ തള്ളിക്കൊണ്ടാണ് ജില്ലാ കോടതി വിധിന്യായം പുറപ്പെടുവിച്ചത്. തെളിവു മൂല്യം വിലയിരുത്തിയുള്ള മജിസ്‌ട്രേട്ട് കോടതിയുടെ വിധിന്യായത്തിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതിയുത്തരവ്.അളവുതൂക്ക വെട്ടിപ്പു സംഭവം നടന്നത് 2005 ജൂൺ 10 ന് നാവായിക്കുളം കമ്പോട്ടുകോണം ഹോട്ടൽ അസ്ലിയ്യാ റീജൻസിയിൽ ആയിരുന്നു. വിചാരണക്കൊടുവിൽ വർക്കല ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ വിട്ടയച്ചത് 2013 ലായിരുന്നു.
ബാർ മാൻ പെഗ് മെഷർ ഗ്ലാസിലൂടെ പകർന്നു നൽകിയ ഇ- വി എസ് ഒ പി ബ്രാണ്ടി 180 മി.ലി ബോട്ടിൽ ബ്ലാക്ക് പൈപ്പർ ക്ലബ് സോഡ എന്നിവയിൽ 90 മി.ലി. ൽ 19 മി.ലി. കുറവ് കണ്ടെത്തിയെന്നാണ് കേസ്. അളവ് തൂക്ക ചട്ടങ്ങൾ അനുശാസിക്കുന്ന അളവ് നിലവാരങ്ങൾ ബാർ ഹോട്ടലിൽ ഉപയോഗിക്കുന്ന പെഗ് മെഷർ ഗ്ലാസിനില്ലെന്നും കണ്ടെത്തി. ക്ലബ് സോഡയുടെ എം ആർ പി 5 ആയിരിക്കെ 1 രൂപ കൂട്ടി 6 രൂപക്കാണ് ബിൽ ചെയ്തതെന്നും കണ്ടെത്തിയെന്നാണ് കേസ്.
നാവായിക്കുളം ബാർ ഹോട്ടൽ അസ്ലിയ്യ റീജൻസി എന്ന സ്ഥാപനം , ബാറുടമ അശോകൻ വാസു , ബാർ മാനേജർ മനോജ് , പെഗ് മെഷർമെന്റ് ഗ്ലാസിൽ പകർന്നു നൽകുന്ന ബാർമാൻ രാജേഷ് എന്നിവരാണ് 1 മുതൽ 4 വരെ പ്രതികളായി വിചാരണ നേരിട്ടത്.