കൊച്ചി: ശബരിമലയിൽ അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷയോഗ്യമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉടൻ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കിൽ ഏലയ്ക്ക് ഇല്ലാതെയോ അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്‌പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി. തീർത്ഥാടകരുടെ താൽപര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും നിലപാടെടുത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഏലക്ക ഇല്ലാതെയും അരവണ നിർമ്മിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്ന എലയ്ക്ക സുരക്ഷിതവും ഭക്ഷ്യയോഗ്യവും അല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ്് സ്റ്റാൻഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ( എഫ് എസ് എസ് എ ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വ്യക്തമാക്കിയത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കണ്ടെത്തി. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു.

കേന്ദ്ര അഥോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. ഇതു സംബന്ധിച്ചു സ്വകാര്യ വ്യക്തി നൽകിയ പരാതിയാണു കോടതി പരിഗണിക്കുന്നത്.

പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോൾ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്. സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച ശേഷം പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തൽ.