ന്യൂഡൽഹി: ഋതുമതിയായ, 16 വയസ്സ് പൂർത്തിയായ മുസ്‌ലിം പെൺകുട്ടിക്ക് വിവാഹം ചെയ്യാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ഏറെ ചർച്ചയായിരുന്നു. 16 വയസ്സുള്ള പെൺകുട്ടി 21കാരനെ വിവാഹം ചെയ്തതിന് കുടുംബം നൽകിയ കേസ് തീർപ്പാക്കവേയാണ് കഴിഞ്ഞ വർഷം ജൂണിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 16 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ആളുമായി വിവാഹ കരാറിൽ ഏർപ്പെടാമെന്നാണ് കോടതി പറഞ്ഞത്. ്അതേസമയം, ഋതുമതികളായ മുസ്‌ലിം പെൺകുട്ടികൾക്ക് 16 വയസ് കഴിഞ്ഞാൽ മതാചാര പ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദ്ദേശം.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. അതേസമയം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

മുഹമ്മദീയൻ നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വാദിച്ചു. പോക്‌സോ നിയമപ്രകാരം 18 വയസിനു താഴെയുള്ളവരെ കുട്ടികൾ എന്നാണ് വിളിക്കുന്നത്. മുസ്‌ലിം സമുദായത്തിൽ 14 വയസു വരെയുള്ള കുട്ടികളെ വരെ വിവാഹം കഴിപ്പിച്ചതായി ബാലാവകാശ കമ്മീഷനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. ഹരജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

പതിനെട്ട് വയസ്സ് തികയാത്ത മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർ പോക്സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി സമീപ കാലത്ത് പുറപ്പടുവിച്ച ഒരു വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കടകവിരുദ്ധമായ വിധി മറ്റൊരു ബെഞ്ചും പുറപ്പടുവിച്ചിരുന്നു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി

സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പത്താൻകോട്ട് സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്താൻ കഴിയില്ല എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇസ്ലാമിക ശരീഅത്ത് നിയമം ഉദ്ധരിച്ച് ജസ്റ്റിസ് ബേദി മുസ്ലിം പെൺകുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലിം വ്യക്തിനിയമമാണെന്ന് പറഞ്ഞു.

2022 ജൂൺ 8 ന് മുസ്‌ലിം ആചാരങ്ങളും നിയമവും അനുസരിച്ച് അവരുടെ വിവാഹം നടന്നതായി ഹർജിക്കാർ പറഞ്ഞിരുന്നു. എന്നിരുന്നാലും, അവരുടെ കുടുംബങ്ങൾ വിവാഹത്തെ എതിർക്കുകയും അവരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹർജിക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന വസ്തുതയ്ക്ക് മുന്നിൽ കണ്ണടയ്ക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ദമ്പതികൾക്ക് ശരിയായ സുരക്ഷ നൽകാനും നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാനും പത്താൻകോട്ട് എസ്എസ്‌പിയോട് നിർദ്ദേശിക്കുകയും ചെയ്തു.