- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ തൊഴിൽ വേതന നിയമലംഘനം: മുത്തൂറ്റ് ഫിൻകോർപ്പ് എംഡി തോമസ് ജോൺ മുത്തൂറ്റ് ഹാജരാകാൻ കോടതി ഉത്തരവ്; ജൂൺ ഒന്നിന് ഹാജരാകാൻ ഉത്തരവിട്ടത് തലസ്ഥാനത്തെ മജിസ്ട്രേറ്റ് കോടതി
തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വേതനം നൽകിയില്ലെന്ന മുത്തൂറ്റ് ഫിൻകോർപ്പ് മാനേജിങ് ഡയറ്റക്ടർക്കെതിരായ കേസിൽ എം.ഡി. തോമസ് ജോൺ മുത്തൂറ്റ് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ജൂൺ 1 ന് പ്രതി ഹാജരാകാൻ മജിസ്‌ട്രേട്ട് പി.എസ്.സുമി ഉത്തരവിട്ടു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ തോമസ് ജോൺ മുത്തൂറ്റ് ആണ് കേസിലെ ഏക പ്രതി. മുത്തൂറ്റ് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ കണ്ടെത്തിയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ 4 കേസുകളാണ് ലേബർ ഓഫീസർമാർ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്.
2020 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൊഴിൽ ഭവൻ ഒന്നാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫിസർ എ.അഭിലാഷ് നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൊഴിലുടമയായ എം ഡി യോട് രേഖാമൂലം ആവശ്യപ്പെട്ട കാരണം കാണിക്കൽ നോട്ടീസിനു നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
പരിശോധനയിൽ കണ്ടെത്തിയ തൊഴിൽ നിയമലംഘനങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്: 1. 1960 ലെ കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിലെ ചട്ടം 10 (9) സ്ഥാപന അവധി ദിനങ്ങളുടെയും ജീവനക്കാരുടെ അവധി ദിനങ്ങളുടെയും രജിസ്റ്റർ സൂക്ഷിച്ചില്ല , ചട്ടം 10 (1) ജീവനക്കാരുടെ സേവന റെക്കോർഡ് രജിസ്റ്റർ , നിയമന രജിസ്റ്റർ എന്നിവ സൂക്ഷിച്ചില്ല , 1958 ലെ ഏറ്റവും കുറഞ്ഞ വേതന നിയമത്തിന്റെ ചട്ടം 29 (5) ജീവനക്കാരുടെ മസ്റ്റർ റോൾ സൂക്ഷിച്ചില്ല , 29 (2) വേജ് സ്ലിപ്പ് സൂക്ഷിച്ചില്ല , 21 (എ) ( 2 ) ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴി വേതനം കൊടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്തില്ല , 21 (എ ) (1) നിയമനത്തിന്റെയും വേതനത്തിന്റെയും രജിസ്റ്റർ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കുകയോ അപ് ലോഡ് ചെയ്യുകയോ ചെയ്തില്ല എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്