തിരുവനന്തപുരം: മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് അടക്കം 11 പ്രതികൾ വിചാരണ കോടതിയിൽ ഹാജരാകാൻ ഉത്തരവ്. ഏപ്രിൽ 3 ന് ഹാജരാകാനാണുത്തരവ്. തിരുവനന്തപുരം രണ്ടാം അഡീ. സബ് ജഡ്ജിയും അസി. സെഷൻസ് ജഡ്ജിയുമായ ലൈജു മോൾ ഷെരീഫിന്റേതാണുത്തരവ്.

ഗുണ്ടുകാട് സാബു എന്ന ഷാബു പ്രൌഡീൻ, രഞ്ജിത്, റെജി, ജോളി ഇസ്രു, രാജീവ്, രഞ്ജു, അമ്പിളി, മനു, കൊച്ചു ചെറുക്കനെന്ന രാജീവ് , നിഷാന്ത് , രതീഷ്, എന്നിവരാണ് കേസിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ.

2014 ലാണ് സിറ്റി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച് അസ്ഥി ദ്രംശം സംഭവിപ്പിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിച്ചു. തലയിൽ വെട്ടിയ വെട്ട് യുവാവ് കൈ കൊണ്ട് തടഞ്ഞതിനാൽ മരണം സംഭവിക്കാതെ രക്ഷപ്പെട്ടു. പ്രതികൾ നരഹത്യാ ശ്രമ കുറ്റവും കഠിന ദേഹോപദ്രവക്കുറ്റവും ചെയ്തുവെന്നാണ് കേസ്.

മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ ഇളയ മകനും കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനും, തലസ്ഥാനത്തെ ബാർട്ടൺഹിൽ സ്വദേശിയുമായ സാബു പ്രൗഡിൻ എന്ന ഗുണ്ടുകാട് സാബുവും 10 കൂട്ടു പ്രതികളുമാണ് വിചാരണ നേരിടുന്നത്. 2020 ഫെബ്രുവരി 18 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2016 ൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ബാർട്ടൺഹിൽ ആക്രമണ കേസിൽ സാബുവടക്കം 7 കൂട്ടാളികളെ ബെംഗളുരുവിലേക്ക് കടക്കാൻ ശ്രമിക്കവേ കന്യാകുമാരിക്ക് സമീപം വച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

പിതൃ സഹോദരനും പിതൃസഹോദരിയും നിലവിൽ പൊലീസ് സേനയിലുണ്ട്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'കിരീടം' സാബുവിന്റെ ജീവിതം ആധാരമാക്കി നിർമ്മിച്ചതാണ്. 2020ൽ മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വിടാതെ നിഴലായി നിയമം പിന്തുടരുകയായിരുന്നു. കാന്തി എന്ന മലയാള ചലച്ചിത്രത്തിൽ മരം വെട്ടുകാരന്റെ വേഷം ചെയ്തു. ടി വി സീരിയലിലും അഭിനയിച്ചു. അടുത്തിടെ, പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കാപ്പയിൽ കളക്ടറുടെ വേഷമായിരുന്നു. മുൻ കാല ക്രിമിനൽ ചരിത്രം അഭിനയത്തിന് തടസമായപ്പോൾ സംവിധാന രംഗത്തേക്ക് തിരിഞ്ഞെങ്കിലും  ക്രിമിനൽ പശ്ചാത്തലം അതിനും തടസം സൃഷ്ടിക്കുകയായിരുന്നു.