തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസിൽ കാർ ഡ്രൈവർ അർജുൻ. കെ.നാരായണൻ എന്ന അപ്പുവിന് മേൽ കോടതി കുറ്റം ചുമത്തി. മാർച്ച് 10 ന് വിചാരണ തുടങ്ങും. ഒന്നാം സാക്ഷി അന്ന് ഹാജരാകാനും തലസ്ഥാനത്തെ വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കെ. വിദ്യാധരൻ ഉത്തരവിട്ടു. ഉപേക്ഷാ പൂർവ്വമായി വാഹനമോടിച്ച് മരണം സംഭവിപ്പിച്ചുവെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (എ) കുറ്റം കോടതി ചുമത്തി. വായിച്ചു കേൾപ്പിച്ച കുറ്റം ചെയ്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രതി ബോധിപ്പിച്ചത്. കൊലപാതക സാധ്യതകൾ കോടതി തള്ളി.

തുടരന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ജുലൈ 27 ന് പ്രതിക്ക് മേൽ കുറ്റം ചുമത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്.. തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവൻ സോബിയും സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ സി ബി ഐ സമർപ്പിച്ച കൗണ്ടർ ആക്ഷേപം സ്വീകരിച്ചാണ് തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്. സാക്ഷി വിസ്താര വിചാരണയിൽ പുതിയ തെളിവുകളോ സാക്ഷിമൊഴികളോ വന്നാൽ അപ്പോൾ കൂടുതൽ പേരെ പ്രതിചേർക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അതിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും സിജെഎം ആർ. രേഖ വ്യക്തമാക്കി. സിബിഐ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാക്ഷി മൊഴികളും 69 രേഖകളും പരിശോധിച്ചതിൽ തുടരന്വേഷത്തിനുള്ള വസ്തുതകൾ ഇല്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയാണ് തുടരന്വേഷണ ഹർജികൾ തള്ളി ഉത്തരവായത്.

ഉപേക്ഷയാലുള്ള മരണത്തിന് ഡ്രൈർ അർജുനെ ഏക പ്രതിയാക്കി 304 എ ചുമത്തി കേസ് വിചാരണ ചെയ്താൽ മതിയെന്നും സി ജെ എം കോടതി ഉത്തരവിട്ടു. കുറ്റം ചുമത്തലിന് ഏക പ്രതി അർജുൻ ഒക്ടോബർ 1ന് ഹാജരാകാനും ഉത്തരവിട്ടു:

കുറ്റപത്രത്തിൽ സിബിഐ വെള്ളം ചേർത്തുവെന്ന ആരോപണം കോടതി തള്ളി

കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമുള്ള സി ബി ഐ വാദം അംഗീകരിച്ചു. കൃത്യ സ്ഥലത്തെ ചിലരുടെ സാന്നിധ്യം, കൃത്യ സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെ 3 ഫോണുകൾ പ്രകാശൻ തമ്പി മംഗലപുരം സ്റ്റേഷനിൽ നിന്നും ഏറ്റുവാങ്ങിയത് പിന്നീട് സ്വർണ്ണക്കടത്ത് കേസിൽ ഡി.ആർഐടുത്തത് സംബന്ധിച്ച മൊബെൽ ഫോണിലെ വിശദാംശങ്ങൾ സിബി ഐ ഫോറൻസിക് , സൈബർ ഹൈടെക് സെൽ പരിശോധനക്ക് വിധേയമാക്കി തെളിവുകൾ ശേഖരിച്ചില്ല ആശുപത്രി ഐ സി യു വിൽ ചിലരുടെ നീക്കങ്ങൾ സംശയാസ്പദം തുടങ്ങിയ കാര്യങ്ങൾ സി ബി ഐ അന്വേഷിക്കാത്തതിനാൽ സത്യം കണ്ടെത്താൻ തുടരന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

അതേ സമയം മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ കോടതിയിൽ ആവർത്തിച്ചു.
തുടരന്വേഷണം ആവശ്യമില്ലെന്ന് സി ബി ഐ നേരത്തേ കോടതി മുമ്പാകെ കൗണ്ടർ ആക്ഷേപം സമർപ്പിച്ചിട്ടുണ്ട്. ഹർജിക്കാർ സമർപ്പിച്ച തുടരന്വേഷണ ഹർജിക്കെതിരെ സി ബി ഐ സമർപ്പിച്ച കൗണ്ടർ ഒബ്ജക്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടരന്വേഷണഹർജിയിൽ സിബിഐ നിലപാടറിയിക്കാൻ കോടതി അന്വേഷണ ഉദ്യാഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്. പിയോട് ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരമാണ് സി ബി ഐ.കൗണ്ടർ ഫയൽ ചെയ്തത്. അതേ സമയം ഉപേക്ഷയാലുള്ള വാഹന അപകട മരണ കുറ്റമായ ഐ പി സി 304 (എ) വകുപ്പ് മാത്രം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ ഡ്രൈവർ അർജുൻ. കെ.നാരായണൻ കോടതിയിൽ ഹാജരായില്ല.

നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കൊലപാതക തെളിവുകൾ ലഭിച്ചിട്ടും സിബിഐ ഇരുട്ടിൽ തപ്പുകയായിരുന്നു. കുറ്റകൃത്യം വെളിവാകുന്ന നിർണ്ണായക സാക്ഷികളെ ബോധപൂർവ്വം ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. സി ബി ഐ നടത്തിയ നുണപരിശോധന തട്ടിപ്പായിരുന്നു. നുണ പരിശോധനാ ഫലം തെളിവായി സ്വീകരിക്കുവാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ധാരാളം വിടവുകൾ ഉണ്ട്. അവ നികത്താനും സത്യം പുറത്തു കൊണ്ടുവരാനും തുടരന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വാഹന അപകട കേസിൽ ഡ്രൈവർ അർജുൻ. കെ. നാരായണനെന്ന അപ്പുവിനെ മാത്രം പ്രതിയാക്കി ഉപേക്ഷാ മരണത്തിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർഷിക്കുന്നത്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ചാക്ക അനന്തപുരി ആശുപത്രിയിലും വച്ച് രണ്ടാം തീയതി അർദ്ധരാത്രി 12.56 ന് അന്ത്യശ്വാസം വലിച്ചു. ഐ സി യു വിൽ പ്രകാശൻ തമ്പിയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യയും സുഹൃത്തായ അനന്തപുരി ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രഹസ്യ സന്ദർശനം നടത്തിയിരുന്നു. വാർഡിലേക്ക് മാറ്റാനിരിക്കവേയായിരുന്നു രഹസ്യ സന്ദർശനം. സ്റ്റീഫൻ ചുംബനം നൽകിയതിന് പിന്നാലെയാണ് ശ്വാസ തടസ്സമുണ്ടായി മരണപ്പെട്ടത്. ബാലുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിൽ തലക്കുണ്ടായ പരിക്കും ഹൃദയത്തിനുണ്ടായ കാർഡിയാക് അറസ്റ്റുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മകൾ തേജസ്വിനിയുടെ മരണ കാരണമായി പറയുന്നത് തലക്കേറ്റ ക്ഷതവുമാണ്.

അതേ സമയം കൃത്യ സമയം വാഹനമോടിച്ചത് താനല്ലെന്നും ബാലുവാണെന്നുമാണ് ഡ്രൈവർ അർജുൻ അവകാശവാദമുന്നയിച്ചത്. എന്നാൽ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു. വാഹന അപകടം നടന്ന സമയം കാറോടിച്ചത് ഡ്രൈവർ അർജുൻ തന്നെയെന്ന് 2019 ഓഗസ്റ്റ് 24 ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വന്നിട്ടുണ്ട്. വിവാദം ഉയർന്നതോടെയാണ് ഫോറൻസിക് സംഘം വീണ്ടും കാറിൽ വിശദമായ പരിശോധന നടത്തിയത്. കാറിന്റെ സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം , ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ , രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലു പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നുണ്ട്. അർജുന്റെ തലയിലും കാലിലുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് കൃത്യസമയം അർജുൻ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനമോടിച്ചതാരാണെന്ന് കണ്ടെത്തിയതോടെ അർജുനെതിരെ കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേ സമയം താനല്ല ബാലുവാണ് കൃത്യസമയം വാഹനം ഓടിച്ചിരുന്നതെന്ന് കാണിച്ച് അർജുൻ മോട്ടോർ വാഹന അപകട ട്രിബ്യൂണലിൽ നഷ്ട പരിഹാരക്കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.