തിരുവനന്തപുരം: ശ്വാസകോശ രോഗാണു ബാധ അടക്കമുള്ള ബാക്റ്റീരിയൽ ഇൻഫെക്ഷനുള്ള മരുന്നെന്ന പേരിൽ മായം കലർന്നതും ഗുണ നിലവാരമില്ലാത്തതുമായ വ്യാജ മരുന്ന് വിൽപന നടത്തിയ കേസിൽ ബജാജ് ഫാർമസ്യൂട്ടിക്കൽസ് എം ഡിയടക്കം 3 പേരെ ഹാജരാക്കാൻ കോടതിയുത്തരവ്. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയുടേതാണുത്തരവ്.

ഏപ്രിൽ 3 ന് പ്രതികളെ ഹാജരാക്കാനാണ് ഉത്തരവിട്ടത്. എംഡി യോടൊപ്പം മാനുഫാക്ചറിങ് കെമിസ്റ്റിനെയും അനലിറ്റിക്കൽ കെമിസ്റ്റിനെയും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ ഓഫീസിലെ സ്‌പെഷ്യൽ ഇന്റലിജന്റ്‌സ് ബ്രാഞ്ച് ഡ്രഗ് ഇൻസ്പക്ടറാണ് പ്രതികളെ ഹാജരാക്കേണ്ടത്.

ഉത്തരാഖണ്ഡ് ഹരിദ്വാർ ജില്ലയിൽ റൂർക്കി ഭഗ്വൻപൂർ സിസോണ ആസ്ഥാനമായി രജിസ്റ്റേഡ് ഓഫീസ് പ്രവർത്തിക്കുന്ന ബജാജ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയെ പ്രതിനിധീകരിച്ച് ഉടമ അമിത് ബജാജ്, കമ്പനി എംഡിയും ഉത്തർപ്രദേശ് ഗസ്സിയബാദ് , മോദി നഗർ ബജാജ് പെട്രോൾ പമ്പിന് സമീപം ബജാജ് ഹൗസിൽ താമസിക്കുന്നയാളുമായ അനിൽ ബജാജ് മകൻ അമിത് ബജാജ്, മരുന്ന് മാനുഫാക്ചറിങ് കെമിസ്റ്റ് റൂർക്കി ന്യൂ നെഹ്‌റു നഗർ നിവാസി കെ.എൻ. ദിമ്രി മകൻ കൈലാശ് ചന്ദ്ര, അനലിറ്റിക്കൽ കെമിസ്റ്റ് റൂർക്കി ഗലി നമ്പർ 7 ൽ സുബാഷ് നഗർ നിവാസി ആർ. എസ്. സിങ് മകൻ ജിതേന്ദർ കുമാർ എന്നിവരാണ് വ്യാജമരുന്ന് വിൽപന കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ.

ബാക്റ്റീരിയ ബാധ മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആണ് അമോക്‌സിസില്ലിൻ. അമോക്‌സിസില്ലിൻ പ്രതിരോധ ബാക്റ്റീരിയയെ നശിപ്പിക്കേണ്ട സജീവ ചേരുവയായ പൊട്ടാസ്യം ക്ലാവുലനേറ്റ് ചേർക്കാതെ പകരം വ്യാജ മിശ്രിതം ചേർത്ത് വ്യാജ ലേബൽ പതിച്ച് വിൽപനക്ക് വച്ച ബി - ക്ലേവ് ഡ്രൈ സിറപ്പ് പിടിച്ചെടുത്ത കേസിലാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. വ്യാജമരുന്ന് കഴിച്ചാൽ രോഗം ഭേദമാകില്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് ഹാനികരവുമാണെന്ന ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് ഇൻസ്‌പെക്ടർ കേസ് ഫയൽ ചെയ്തത്.

2012 ജൂലൈ 30 നാണ് അന്നത്തെ ഡ്രഗ് ഇൻസ്‌പെക്ടർ സന്തോഷ്. കെ. മാത്യു വ്യാജമരുന്ന് പിടികൂടിയത്. തിരുവനന്തപുരം മണക്കാട് യൂണിസൺ ടവേഴ്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനറൽ ട്രേഡിങ് കമ്പനി (ജി റ്റി സി ഫാർമ) സ്ഥാപനത്തിൽ നിന്നാണ് ബി ക്ലേവ് ഡ്രൈ സിറപ്പ് (അമോക്‌സിസില്ലിൻ ആൻഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ഓറൽ സസ്‌പെൻഷൻ ഐ പി 2.8 ഗ്രാം/30 മി.ലി) ലേബൽ പതിച്ച സിറപ്പ് സാമ്പിളുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ശേഖരിച്ചത്. തിരുവനന്തപുരം ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ ഗവ. അനലിസ്റ്റ് നടത്തിയ പരിശോധനയിൽ മരുന്ന് ഗുണ നിലവാരമില്ലാത്തതാണെന്നും ഐഡറ്റിഫിക്കേഷനിലും പൊട്ടാസ്യം ക്ലാവുലനലേറ്റിന്റെ സാന്നിദ്ധ്യ പരിശോധനയിലും നെഗറ്റീവ് റിസൾട്ടും പി എച്ച് ടെസ്റ്റിലും ഉൽപന്നം പരാജയപ്പെട്ടതായി പരിശോധന ഫലം ലഭിക്കുകയായിരുന്നു.

ബാക്റ്റീരിയ അണുബാധ, ചുമ, കഫം, മദ്ധ്യ കർണ്ണത്തിൽ ബാധിക്കുന്ന അണുബാധ,തൊണ്ടയിലെ സ്‌ട്രെപ്‌റ്റോക്കോക്കസ്, ത്വക്കിലെ അണുബാധ, മൂത്രനാളിയിലെ അണുബാധ, ന്യുമോണിയ, ശ്വാസകോശ അണു ബാധ, ദന്ത അണുബാധ, മൃഗങ്ങളുടെയും മനുഷ്യരുടെയും കടിയേൽക്കലിൽ നിന്നുള്ള അണുബാധ എന്നിവക്കുള്ള ചികിത്സക്കായാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്.