തിരുവനന്തപുരം: പണം ആവശ്യപ്പെട്ട് സ്വന്തം അമ്മയെ ചവിട്ടി വാരിയെല്ലുകൾ പൊട്ടിച്ചു കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റെതാണ് ശിക്ഷാവിധി.

ഒരു വർഗ്ഗം മുഴുവൻ മാതൃത്വത്തെ ബഹുമാനിക്കണമെന്നും അമ്മ സ്‌നേഹത്തിന്റെ മാതൃകയാണെന്നും അമ്മ ഒരു ഗൃഹം ഭരിക്കുകയും കുടുംബത്തിന്റെ കൈവശം അമ്മയിലാണെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിലെ വചനങ്ങൾ വിധിന്യായത്തിലെ ആദ്യ പേജിൽ ഉദ്ധരിച്ചു കൊണ്ടാണ് വിചാരണ കോടതി വിധി പ്രസ്താവം നടത്തിയത്.

ചിറയിൻ കീഴ് അഴൂർ പടനിലം സ്വദേശി ആർമി ഉദ്യോഗസ്ഥനായ ഗോപകുമാറിനെയാണ് സ്വന്തം മാതാവ് സുകുമാരിയമ്മ (80) യെ ചവിട്ടിക്കൊന്ന കേസിൽ ശിക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഇന്ത്യൻ തെളിവ് നിയമത്തിലെ ലാസ്റ്റ് സീൻ തിയറി (കൊലയ്ക്ക് മുമ്പ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും ഒരുമിച്ച് കണ്ടതായും മൃതദേഹത്തിൽ കണ്ട പരിക്കുകൾ തുടങ്ങിയ സാഹചര്യങ്ങൾ, മുൻ ചെയ്തികൾ എന്നിവ കണക്കിലെടുത്ത സിദ്ധാന്തം) പ്രകാരം സാഹചര്യ തെളിവുകളുടെ മാല ചങ്ങലക്കണ്ണികളായി കോർത്തിണക്കിയതിൽ പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ പ്രധാന പങ്കുവഹിച്ചതായി വിധിന്യായത്തിൽ കോടതി പ്രശംസിച്ചു.

2012 മാർച്ച് 5 ന് അർദ്ധരാത്രി 2.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവധിക്കു നാട്ടിൽ വരുമ്പോൾ പണം ആവശ്യപ്പെട്ട് സ്ഥിരം മദ്യപിച്ച് മാതാവിനെ ഉപദ്രവിക്കുന്ന പ്രതി സംഭവ ദിവസം മാതാവിനെ ചവിട്ടി താഴെയിട്ട് നെഞ്ചിലും അടിവയറ്റിലും തലയിലും ചവിട്ടി വാരിയെല്ലുകൾ പൊട്ടിച്ചതിലും തലക്കും ഏറ്റ പരിക്കിൽ കൊല്ലപ്പെട്ടുവെന്നാണ് കേസ്.