കണ്ണൂർ: ഹോളിവുഡ് സിനിമയെ വെല്ലുന്ന വിധത്തിൽ എ.ടി.എം തകർത്ത് ഒന്നേ കാൽ കോടിയോളം രൂപ കവർന്ന ഉത്തരേന്ത്യൻ സംഘത്തെ കോടതി ശിക്ഷിച്ചു. കണ്ണൂർ ജില്ലയെ നടുക്കിയ എ.ടി. എം കവർച്ചാക്കേസിലെ പ്രതികൾക്കാണ് കണ്ണൂർ കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്. കല്യാശേരിയിലെ എ.ടി. എം കവർച്ചാക്കേസിലെ മൂന്ന് പ്രതികളെയാണ് കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്. അമ്പിളി മൂന്ന് വർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.

ഹരിയാന മേവലത്ത് ജില്ലയിലെ വൊജാന സ്വദേശി നൊമാൻ റിസാൻ(30) മെവ് നഗാത്വോസ് ജില്ലയിലെ സുജീദ്(33) രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ ജുർഹാദ് സ്വദേശി മുവീൻ ജമീൽ(30) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ഏഴംഗസംഘത്തിലെ പ്രതികളിൽ ഒരാളെ ഇനിയും പിടികൂടാനുണ്ട്. 2021-ഫെബ്രുവരി 21ന് പുലർച്ചെയാണ് കല്യാശേരി എസ്.ബി. ഐ ബാങ്കിന്റെ എ.ടി. എം തകർത്തുകൊള്ളയടിച്ചത്. അന്നേദിവസം ഏകദേശം 25 ലക്ഷത്തോളം രൂപയാണ് പ്രതികൾ മൂന്ന് എ.ടി. എമ്മിൽ നിന്നായി കവർന്നത്. കല്യാശേരി എസ്.ബി. ഐക്ക് പുറമേ മാങ്ങാട് ഇന്ത്യാവൺ, ഇരിണാവിലെ പി. സി. ആർ ബാങ്ക് എന്നിവയുടെ എ.ടി. എം മെഷീനുകളും തകർത്തിരുന്നു.

ഒറ്റരാത്രി കൊണ്ടാണ് മൂന്ന് എ.ടി. എമ്മുകളും ആസൂത്രിതമായി തകർത്തത്. കല്യാശേരി എസ്.ബി. ഐയുടെ എ.ടി. എമ്മിൽ നിന്നും 18ലക്ഷവും ഇന്ത്യാവണ്ണിന്റെ എ.ടി. എമ്മിൽ നിന്നും 1,75.000രൂപയുമാക്കി പണം പി. സി. ആറിന്റെ എ.ടി. എമ്മിൽ നിന്നുമാണ് മോഷ്ടിച്ചത്. ഏഴുപേർ അടങ്ങുന്ന കവർച്ചാ സംഘം അതിവിദഗ്ദ്ധമായാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി. എമ്മിന്റെ ക്യാഷ് ബോക്സ് മുറിച്ചു പണം അപഹരിച്ചത്. കവർച്ച നടത്തിയതിനു ശേഷം കർണാടക വഴി ഡൽഹിയിലെത്തിയ ഏഴുപ്രതികളിൽ മൂന്നു പേരെ കണ്ണൂർ പൊലിസ് ഡൽഹി പൊലിസിന്റെ സഹായത്തോടെ ഹരിയാന അതിർത്തയിൽ ഹോസൽ എന്ന സ്ഥലത്തു നിന്നും പിടികൂടിയിരുന്നു.

ഇവർ സഞ്ചരിച്ച ലോറിയും ഗ്യാസ് കട്ടറും പൊലിസ് പിടികൂടിയിരുന്നു. മോഷ്ടിച്ച 16ലക്ഷം രൂപ വാഹനത്തിൽ നിന്നും കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് ഇവർ ഗ്യാസ് കട്ടർ ഉപയോഗിച്ചു കവർച്ച നടത്തുന്ന സംഘമാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. കവർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചത് പ്രൊഫഷനൽ കവർച്ചാ സംഘമാണെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.
പഴയ എ.ടി. എമ്മുകൾ വാങ്ങിയാണ് പ്രതികൾ കവർച്ച പരിശീലിച്ചത്.

എ.ടി. എം മുറിക്കുന്നതിനിടെ കറൻസി തീപിടിച്ചു നശിക്കാതിരിക്കാനാണ് പരിശീലനം നേടിയത്. സംഘങ്ങളെല്ലാം സായുധരായാണ് കവർച്ചയ്ക്കെത്തിയത്. കവർച്ചയ്ക്കിടെ ആരെങ്കിലും കടന്നുവന്നാൽ അവരെ ആക്രമിക്കുകയാണ് ഇവരുടെ രീതി. കവർച്ച ആരെങ്കിലും കാണുന്നതോ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിയുന്നതോ ഇവർക്ക് വിഷയമല്ല. ഒന്നിലധികം പരിശീലന കേന്ദ്രങ്ങൾക്ക് ഇവർക്ക് ഉണ്ടെന്ന് പൊലിസ് അന്വേഷണത്തിനിടെ മൊഴി നൽകിയിരുന്നു.

കേസിലെ പ്രതികൾ മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്. മാങ്ങാട് തെരു കള്ളുഷോപ്പിന് സമീപമുള്ള ആൾതാമസമുള്ള മുറിയിലും അന്ന് മോഷ്ടാക്കൾ കവർച്ചയ്ക്ക് ശ്രമിച്ചിരുന്നു. താമസക്കാർ ബഹളം വെച്ചതോടെയാണ് ഇവർ രക്ഷപ്പെട്ടത്. കണ്ണപുരം സി. ഐ അനിൽകുമാറാണ് പ്രതികൾക്കതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്.അഡീഷനൽ പബ്ളിക് പ്രൊസിക്യൂട്ടർമാരായ മീനാകുമാരി,ഫൈസൽ, ഏഡ് പ്രൊസിക്യൂഷൻ അനിൽരാജ് തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്. ഇവരുടെ പേരിലുള്ള മറ്റു ബാങ്കുകളിലെ കവർച്ചാ കേസുകളുടെ വിചാരണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുകയാണ്.