- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യഗായത്രി കൊലക്കേസ് സാക്ഷി വിസ്താരം പൂർത്തിയായി; സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ചെറുത്തതെന്ന പ്രതിയുടെ വാദം പൊളിച്ച് പ്രോസിക്യൂഷൻ
തിരുവനന്തപുരം : കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മ രക്ഷാർത്ഥം കത്തി പിടിച്ചു വാങ്ങി തുരുതുരെ കുത്തിയതാണെന്ന് പ്രതി. കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഭാഗം ഉയർത്തിയ ഈ പ്രതിരോധം അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയെ പരിശോധിച്ച ഡോക്ടറെയും വിസ്തരിച്ച് പ്രോസിക്യൂഷൻ തകർത്തു. നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണയിലെ അന്തിമ ഘട്ടത്തിലായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും പ്രതിരോധം തീർത്തത്.
ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് പറ്റിയ മുറിവ് സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണെന്ന് പ്രതി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡി. വൈ. എസ്. പിയുമായ ബി. എസ്. സജിമോൻ കോടതിയിൽ മൊഴി നൽകി.
പ്രതിയുടെ കയ്യിലെ മുറിവ് കത്തി മടക്കിയപ്പോൾ ഉണ്ടായതാകുമെന്ന് പ്രതിയെ പരിശോധിച്ച ഡോക്ടർ അബിൻ മുഹമ്മദും കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിഭാഗം ചോദ്യത്തിന് മറുപടി നൽകി.
സൂര്യഗായത്രിയുടെ വസ്ത്രങ്ങൾ കണ്ട് സംഭവദിവസം പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയിൽ തളർന്ന് ഇരുന്നു. ശാരീരിക വൈകല്യമുള്ള വത്സല തറയിൽ ഇഴഞ്ഞാണ് മൊഴി നൽകാൻ കോടതിയിൽ എത്തിയത്. പ്രതി മകളെ കുത്താൻ ഉപയോഗിച്ച കത്തി കോടതിയിൽ കണ്ട് തിരിച്ചറിഞ്ഞ വത്സല പൊട്ടികരഞ്ഞു കൊണ്ട് പ്രതിയെ ശപിക്കുന്നുണ്ടായിരുന്നു.
കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജ്ജൻ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു. സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നതായി ഫോറൻസിക് വിദഗ്ധരായ ലീന. വി. നായർ, ഷഫീക്ക, വിനീത് എന്നിവർ മൊഴി നൽകി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നൽകിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദീപഹരിഹരനെയും സാക്ഷിയായി വിസ്തരിച്ചു. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്